05 May 2013

just a thought


Probably from 13.7 billion years ago the flame of cosmic karmic imprints form homo sapien bodies, give rise to mind and consciousness that undergo states of joy and suffering, birth and death. And somewhere in between homo sapiens invented the interventive God, sin and righteousness. Then they made their life HELL. Unaware to this major event the cosmic expansion continues to roll forward. Haughty stupid universe !


20 April 2013

ആമേൻ

മാജിക്കൽ റിയലിസം നിറഞ്ഞ ഗബ്രിയേൽ മാർക്കേസിന്റെ കഥകളിലെ സംഭവങ്ങളും കഥാപാത്രങ്ങളും ജീവിക്കുന്ന ഏതോ ഒരു കേരള ഗ്രാമം. കാലദേശങ്ങൾ അപ്രസക്തമായി മറഞ്ഞ എന്നോ ഒരിക്കൽ അവിടെ ചെന്നു പെട്ടപോൾ ഉണ്ടായ അതിസുന്ദരമായ ഒരു അനുഭവം പോലെ: ആമേൻ.

*Magical Realism: സ്വപ്നവും യാഥാർഥ്യവും ഇടചേർന്ന്‌ നിൽക്കുന്ന ആഖ്യാനം. ആഖ്യാനത്തിലെ കഥയും കഥാപാത്രങ്ങളും പലപ്പോഴും കാലദേശങ്ങൾ കടന്ന്‌ വർത്തിക്കുന്നതായി അനുഭവപ്പെടുന്നു. മാസ്മരികതയുടെ, അത്ഭുതങ്ങളുടെ (മാജിക്കിന്റെ) അംശങ്ങൾ തികച്ചും ലൌകികവും യഥാർത്ഥമായ അവസ്ഥകളോട്‌ ഇഴചേർന്ന്‌ നിൽക്കുന്ന അവസ്ഥ.

07 April 2013

കഥ-കഥാകാരൻ-വ്യക്തി

ലോക സാഹിത്യ രംഗത്തെ അതികായകന്മാരിൽ പലരുടേയും ജീവിതത്തിൽ ദർശിക്കാവുന്ന ഒരു കാര്യമുണ്ട്‌. അവരെഴുതിയ കൃതികളിൽ നിറഞ്ഞു നില്ക്കുന്ന തിരിച്ചറിവ്‌ സ്നേഹം സഹനുഭൂതി ജീവകാരുണ്യ ഭാവം ഇവയൊന്നും അവരുടെ സ്വന്തം കുടുംബജീവിതത്തിൽ ഭാര്യയോടും കുട്ടികളോടും അവർ കാണിച്ചിരുന്നില്ല. ഇതൊരു വിരോധാഭാസമായി തോന്നാം. ഉദാഹരണങ്ങൾ: ചാൾസ് ഡിക്കൻസ്‌, ലിയോ ടോൾസ്റ്റോയി, വി. എസ്. നൈപുൾ

ഒരാളിലെ കേവല വ്യക്തിത്വവും, കലാകാരൻ/കലാകാരി എന്ന വ്യക്തിത്വവും തികച്ചും ഭിന്നമായ വ്യക്തിത്വങ്ങളായിരിക്കാം. ഈ രണ്ടു വ്യക്തിത്വങ്ങളും തികച്ചും ഭിന്നമായ രണ്ട്‌ മാനസിക തലങ്ങളിൽ / മണ്ഡലങ്ങളിൽ സഞ്ചരിക്കുന്നവരാവാം. സർഗ്ഗ ശക്തിയുടെ വേലിയേറ്റത്തിൽ കലാകാരൻ / കലാകാരി എന്ന വ്യക്തിത്വത്തിന്‌ പ്രാഥമികത്വം വന്നു ചേരുമ്പോൾ കേവല വ്യക്തിത്വം പിന്നിലേക്ക്‌ മറയുന്നു. അവിടെ പിന്നെ നടക്കുന്നത്‌ സർഗ്ഗ ശക്തിയുടെ കലാസൃഷ്ടിയാണ്‌. സൃഷ്ടി കർമ്മം തീർത്ത്‌ സർഗ്ഗശക്തി പിൻവങ്ങുമ്പോൾ കലാകാരൻ / കലാകാരി എന്ന വ്യക്തിത്വം മറഞ്ഞ്‌ കേവല വ്യക്തിത്വം മുന്നിലേക്ക്‌ വരുന്നു. ഒരേ വ്യക്തിയിൽ സംഭവിക്കുന്ന ഭിന്ന വ്യക്തിത്വങ്ങളുടെ ഈ ഏറ്റകുറച്ചിലാകാം നിത്യജീവിതത്തിൽ അവരുടെ സ്വഭാവത്തിൽ നാം ദർശിക്കുന്ന വൈരുദ്ധ്യം. സർഗ്ഗശേഷിയുടെ സാക്ഷാത്കരണത്തിനായി പ്രകൃതി തിരഞ്ഞെടുത്ത ഉപകരണം മാത്രമാണ്‌ മനുഷ്യൻ. സർഗ്ഗശേഷി ആവേശിക്കുമ്പോൾ കലാകാരൻ/കലാകാരിയിലുണ്ടാകുന്ന മാനസിക ഭാവം പാകത പിന്നീട്‌ ആ കേവല മനുഷ്യനിൽ നാം ദർശിക്കാൻ ശ്രമിച്ചാൽ നിരാശപെടേണ്ടിവരുന്നത്‌ ഇതിനാലാവാം.


ജോർജ്ജ്. ഡബ്ലിയു. ബുഷ്‌ -ലെ ചിത്രകാരനെയും രാഷ്ട്രീയക്കാരനേയും ഈ വെളിച്ചത്തിൽ വിലയിരുത്തുമ്പോൾ കൂടുതൽ വ്യക്തത തോന്നുന്നു.

28 March 2013

മാന്ത്രികം

ഒരു പ്രത്യേക സ്പന്ദനക്രമത്തിൽ ഉദ്ദീപനം ചെയ്യപ്പെടുന്ന ഊർജ്ജം വസ്തുവിന്റെ (matter) സൃഷ്ടിക്ക്‌ കാരണമാകുന്നു.  ഒരു വസ്തു ഉണ്ടാകുന്നതിനു കാരണമായ ഊർജ്ജതരംഗ സ്പന്ദനമാണ് മന്ത്രം. വസ്തുവുണ്ടെങ്കിൽ അതിനു കാരണമായ മന്ത്രമുണ്ട്‌. മന്ത്രമുണ്ടെങ്കിൽ കാര്യമായ വസ്തു ഉണ്ട്‌..  ഹ്രീം ക്രീം ക്ലീം ശ്രീം തുടങ്ങിയ ബീജാക്ഷരങ്ങളുടെ സംഘാതമായ മന്ത്രങ്ങളുടെ ഉച്ചാരണ മാത്രയിൽ ഉളവാകുന്ന ഊർജ്ജ-തരംഗ-സ്പന്ദനങ്ങളാണ് മാന്ത്രികൻ ലക്ഷ്യമാക്കുന്ന വസ്തുവിനെ സൃഷ്ടിക്കുന്നത്‌. . ഇതാണ് താന്ത്രികന്മാർ മന്ത്രത്തിന്റെ അടിസ്ഥാന പ്രമാണമായി അവകാശപ്പെടുന്നത്‌..   

നിത്യ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും മനുഷ്യൻ തന്റെ വിവേചന ബുദ്ധിയേയും ആധുനിക ശാസ്ത്രത്തെയും ആശ്രയിക്കുന്നതിനാൽ മേല്പറഞ്ഞ മാന്ത്രിക പ്രമാണത്തിന്റെ കാര്യത്തിലും എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ എന്ന്‌ കണ്ട് തന്നെ അറിയണം. എന്തൊക്കെ ആയാലും കലാകാലങ്ങളായി നടത്തി വരുന്ന അതിരാത്രം ഉൾപ്പെടെയുള്ള യജ്ഞങ്ങളും, യാഗങ്ങളും പൂജകളും ഒന്നും തന്നെ ഭാരതത്തിന്റെ, വിശിഷ്യാ കേരളത്തിന്റെ,  സാമൂഹിക സാമ്പത്തിക സാംസ്കാരിക ഉന്നമനത്തിന് കാര്യമായ നേട്ടങ്ങളൊന്നും  സമ്മാനിച്ചതായി  അനുഭവമില്ല. വർദ്ധിച്ചു വരുന്ന കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, കവർച്ച ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ, കുടുംബ ബന്ധങ്ങളുടെ ശൈഥില്യം, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ മൂല്യച്യുതി ഇവ പരിഗണിച്ചാൽ ഐശ്വര്യം കൂടുന്നതിനു പകരം കുറയുന്നതായാണ് അനുഭവം. മറിച്ച്‌ ഈ മന്ത്രോച്ചാരണങ്ങളോ, പൂജകളോ, യജ്ഞങ്ങളോ ഒന്നും തന്നെ ചെയ്യാത്ത, കെട്ടിടങ്ങൾക്ക്‌ വാസ്തു നോക്കാത്ത അമേരിക്ക, സ്വീഡൻ, നോർവേ മുതലായ രാജ്യങ്ങളിലെ ജനങ്ങൾ ഭാരതത്തെ അപേക്ഷിച്ച്‌ കൂടുതൽ ക്ഷേമായിശ്വര്യങ്ങളോടെ കഴിയുന്നു. അങ്ങനെ ചിന്തിച്ചാൽ പ്രായോഗിക ജീവിതത്തിൽ ഈ യജ്ഞ മന്ത്ര ജപാനുഷ്ഠാനങ്ങൾ കൊണ്ട്‌ വ്യക്തിക്കും സമൂഹത്തിനും രാഷ്ട്രത്തിനും എന്ത്‌ പ്രയോജനം,  മാനസികവും സാമ്പത്തികവുമായ നഷ്ടങ്ങളല്ലാതെ ? 

24 March 2013

വായിച്ചറിഞ്ഞ മലനാടിന്റെ കഥ


Source: Q¡Y¢l¬lÌi¤« ©JjqOj¢±Yl¤« ~ d¢.¨J. f¡kJ¦nåu

തെക്കുപടിഞ്ഞാറെ അതിർത്തി വേണാടും വടക്കുപടിഞ്ഞാറെ അതിർത്തി കോലത്തുനാടുമായി നിലനിന്ന പ്രദേശമായിരുന്നു (തെക്കെ അറ്റം കൊല്ലം മുതൽ വടക്കോട്ട്‌ പുതുപ്പട്ടണം വരെ) പരമ്പരാഗത കേരളം അഥവാ മലനാട്‌. കായങ്കുളം മുതൽ കോഴിക്കോട്‌ വരെ ഇന്നു കാണുന്ന കായൽശൃംഖകളോ, ആലപ്പുഴ മുതൽ കൊല്ലം വരെ ഇന്നു കാണുന്ന ഇടതൂർന്ന കടലോരപ്രദേശങ്ങളോ അന്ന്‌ രൂപപെട്ടിരുന്നില്ല. ആലപ്പുഴ മുതൽ കൊല്ലം വരെയുള്ള പ്രദേശങ്ങൾ വീതിയുള്ള അഴികളാൽ വേർത്തിരിക്കപ്പെട്ട രണ്ടു മൂന്ന്‌ വലിയ ജനശൂന്യമായ ദ്വീപുകളായി കിടക്കുകയായിരുന്നു. അതിനാൽ കൊല്ലം മുതൽ തെക്കോട്ടുള്ള പ്രദേശങ്ങൾക്ക്‌ ഇവ നിശേഷം അഗമ്യമായിരുന്നു. ഇടതൂർന്ന വനപ്രദേശവും അവിടെ വസിക്കുന്ന, അനേക ദ്രാവിഡ ഡയലക്ടുകൾ സംസാരിക്കുന്ന, വിവിധ ശുദ്ധപ്രാകൃത വന്യഗോത്രവർഗ്ഗങ്ങളുമായി ഏകദേശം എ. ഡി. എഴാം നൂറ്റാണ്ട്‌വരെ ഇതായിരുന്നു കേരളത്തിന്റെ സ്ഥിതി. 

പതിനെട്ടാം നൂറ്റാണ്ടുവരെ വടക്കെ മലബാർ, വയനാട്‌, പാലക്കടൻ പ്രദേശങ്ങൾ, സഹ്യപർവ്വത ഭാഗങ്ങൾ എന്നിവയും, കൊല്ലം മുതൽ തെക്കോട്ടുള്ള പ്രദേശങ്ങളും മലനാട്‌ എന്നു വിളിക്കുന്ന പരമ്പരാഗത കേരളത്തിന്റെ ഭാഗമല്ലായിരുന്നു. അതിനിബിഢമായ വനപ്രകൃതിയാലും സഞ്ചാരയോഗ്യമല്ലാത്ത പർവ്വതനിരകളാലും വേർത്തിരിക്കപ്പെട്ട്‌, ഒറ്റപ്പെട്ട്‌ കിടന്നിരുന്ന വയനാട്‌ അക്കാലങ്ങളിൽ കർണ്ണാടകാ പ്രദേശങ്ങൾ ഭരിച്ചിരുന്ന വിവിധ രാജവംശങ്ങളുടെ ആധിപത്യത്തിൻ കീഴിലായിരുന്നു. കൊല്ലത്തിനു തെക്കോട്ടുള്ള പ്രദേശങ്ങൾ ഭരിച്ചുകൊണ്ടിരുന്ന വേണാട്ട്‌ രാജാക്കന്മാർ ചോളന്മാരോട്‌ വിധേയത്വമുള്ള ഒരു തമിഴ്‌ രാജവംശത്തിന്റെ ഭാഗമായി വർത്തിച്ചു. ഫലത്തിൽ വയനാടും, വേണാടും പരമ്പരാഗത കേരളത്തിനു പുറം നാടുകളായി, വേറിട്ട സാംസ്കാരിക മേഖലകളായി നിലനിന്നു. മലനാട്ടിൽ കാർഷികഗ്രാമസമൂഹവും ഹൈന്ദവജാതി സമൂഹവും രൂപം കൊള്ളുന്നത്‌ അവ കർണ്ണാടകത്തിലും തമിഴ്‌നാട്ടിലും രൂപംകോണ്ട്‌ കഴിഞ്ഞ്‌ ശതാബ്ദങ്ങൾക്ക്‌ ശേഷം മാത്രമാണ്‌. 

കേരള സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയിലേക്കുള്ള പരിണാമപ്രക്രിയ തുടങ്ങുന്നത്‌ A.D.600-നും A.D.800-നും ഇടയ്ക്കുള്ള കാലത്താണ്‌. പരശുരാമന്റെ കേരള സൃഷ്ടി എന്ന മിത്തിന്റെ ഉത്ഭവം അവിടെനിന്നാരംഭിക്കുന്നു.

പുറം ലോകവുമായി ബന്ധമറ്റ്‌ കിടന്നിരുന്ന മലനാടിന്റെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥതിയിൽ സമൂലമായ മാറ്റം സംഭവിച്ചത്‌ നമ്പൂതിരിമാരുടെ ആഗമനത്തോടെയാണു്. A.D. 600-നും A.D.800-നും ഇടയിലെപ്പോഴോ ആന്ധ്രാദേശത്തെ കൃഷ്ണ ഗോദാവരി നദികൾക്ക്ക്കിടയിലുള്ള പ്രദേശത്തു നിന്നും ദക്ഷിണ കർണ്ണടക കടൽത്തീരം വഴി മലനാട്ടിലേക്ക്‌ സംഘങ്ങളായി വന്നവരാണ്‌ നമ്പൂതിരിമാർ. പ്രകൃതിയിൽ നിന്നോ മനുഷ്യനിൽ നിന്നോ നേരിടേണ്ടി വന്ന ദുസ്സഹമായ ജീവിതാനുഭവങ്ങളാലും പ്രാണഭയത്താലും ജന്മ നാടിനെ മനഃപൂർവ്വം മറന്നുകൊണ്ടുള്ള ഒരു ജനവിഭാഗത്തിന്റെ പാലായനമായിരുന്നിരിക്കണം അത്‌. അവർ ഒരേ പ്രദേശത്തു നിന്നുള്ളവരും രക്ത ബന്ധമുള്ളവരോ അല്ലെങ്കിൽ പരസ്പരം അറിയാവുന്നവരോ ആയിരുന്നിരിക്കണം. തങ്ങളുടെ പൂർവ്വിക സംസ്കാരങ്ങളെയും കീഴ്‌വഴക്കങ്ങളെയും, മാതൃഭാഷയേയും വരെ എന്നെന്നേക്കുമായി ഉപേക്ഷിച്ചുകൊണ്ട്‌ ആരും അതുവരെ എത്തിനോക്കാതിരുന്ന, കൊടും മഴക്കടുകൾ നിറഞ്ഞ, തീർത്തും അപരിചിതമായ, ആ മലനാട്ടിലേക്ക്‌ അവർ സംഘം സംഘമായി കുടിയേറി.

അവികസിതമായി ഉടമസ്ഥതയില്ലാതെ കിടക്കുന്ന കാനന ഭൂമി. ഒരുതരത്തിലുമുള്ള രാഷ്ട്രീയ ഭരണ സംവിധാനവും നിലവിലില്ലാത്ത പ്രദേശം. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന പ്രാകൃതരായ ഗോത്രവർഗ്ഗ ജനത. ഇതായിരുന്നു അധിനിവേശ നമ്പൂതിരിമാർ കാലുകുത്തിയ മലനാട്‌. ചുരുക്കത്തിൽ ലോകപരിചയത്തിലും, സാങ്കേതിക പരിജ്ഞാനത്തിലും മികവുള്ള ഒരു അധിനിവേശ ജനതയ്ക്ക്‌ എങ്ങനെ വേണമെങ്കിലും വാർത്തെടുക്കവുന്ന തരത്തിൽ പാകത്തിനു കിട്ടിയ ഒരു പ്രാകൃത സമൂഹത്തിനെയാണ്‌ അന്നവർ കണ്ടുമുട്ടിയത്‌. അക്ഷരവിദ്യയിലും, അന്നത്തെ നൂതന സാങ്കേതിക വിദ്യകളിലും, കൃഷിരീതികളിലും, കാലാവസ്ഥ പ്രവചനത്തിലും അവർക്കുണ്ടായിരുന്ന അവഗാഹം, അവർക്കിടയിലെ കൂട്ടായ്മ, സംഘടനാ പാടവം, മന്ത്രതന്ത്രങ്ങളിലെ പരിജ്ഞാനം എന്നിവ ക്രമേണ അവർക്ക്‌ മലനാട്ടിലെ ചിന്നി ചിതറി അന്യോന്യ ബന്ധമില്ലാതെ കിടന്നിരുന്ന പ്രാകൃത ഗോത്രവർഗ്ഗങ്ങൾക്കുമേൽ ആധിപത്യം നേടികൊടുത്തു. ആ ആധിപത്യം സൈനിക ബലത്തിന്റെയോ ആൾബലത്തിന്റെയോ അടിസ്ഥാനത്തിലായിരുന്നില്ല നിലനിന്നിരുന്നത്‌. ദീർഘകാലം അത്തരം ആധിപത്യത്തിന്‌ സ്ഥായിയായി നിലനിലക്കാൻ കഴിയില്ല എന്നവർക്കറിയാമയിരുന്നിരിക്കണം. അതിനാൽ തദ്ദേശവാസികളുടെ അജ്ഞതയാലുള്ള അന്ധതയെ മുതലെടുത്തുകൊണ്ട്‌ തങ്ങളുടെ ബൗധികമായ ശ്രേഷ്ഠതയെ അവരെ കൊണ്ടംഗീകരിപ്പിച്ച്‌ ഉണ്ടാക്കിയെടുത്ത മേൽക്കൊയ്മയുടെ ആധിപത്യമായിരുന്നു അത്‌.

നമ്പൂതിരിമാർ തങ്ങൾക്ക്‌ കൈവന്ന സംപൂജ്യ പദവിയും, പ്രകൃതി വിഭവസമൃദ്ധിയും മാറ്റമൊന്നും കൂടാതെ എന്നും നിലനിൽക്കുവാൻ വേണ്ടി സംഘടിതമായി മലനാട്ടിലെ സാമൂഹ്യവ്യവസ്ഥിതി ക്രമേണ തങ്ങൾക്കനുകൂലമായ രീതിയിൽ വാർത്തെടുത്തു. മുൻപു തന്നെ നിലനിന്നിരുന്ന ഗോത്രങ്ങൾ തമ്മിലുള്ള പ്രാകൃത അശുദ്ധി സങ്കൽപ്പങ്ങളും സ്പർദ്ധകളും നമ്പൂതിരി അയിത്താചാരങ്ങളായി ചിട്ടപ്പെടുത്തി സ്ഥിരീകരിച്ചു. കാട്‌ വെട്ടിത്തെളിച്ച്‌ കൃഷിഭൂമിയാക്കി അവ തങ്ങൾക്ക്‌ സ്വയംഭൂവാക്കി. ഭൂവുടമാവകാശം എക്കാലവും തങ്ങൾക്ക്‌ നിലനിർത്താൻ വേണ്ടി ക്ഷേത്രങ്ങൾ സ്ഥാപിച്ച്‌ കൃഷിഭൂമികൾ മുഴുവനും ക്ഷേത്രസ്വത്താക്കി. അങ്ങനെ ഭൂമിയുടെ പൂർണ്ണാവകാശം ക്ഷേത്രയോഗക്കാരായ നമ്പൂതിരിമാരുടെ കീഴിൽ വന്നു. ദേവസ്വം സ്വത്തുക്കളെ കാത്തുസൂക്ഷിക്കുന്നതിനും ദേവസ്വത്തിന്റെ അവകാശങ്ങൾക്ക്‌ ഹാനി വരാതെ നോക്കാനും വേണ്ടി കോയിലധികാരികളായി നാട്ടിലെ പ്രമാണപ്പെട്ടവരെ നിയമിച്ചു. 'ബ്രാഹ്മണരെയും ഗോക്കളെയും രക്ഷിക്കും' എന്ന സത്യ വാചകം ചൊല്ലി അധികാരം ഏൽക്കുന്ന ഈ കേരള രാജാവിന്‌ ക്ഷേത്രസങ്കേത അതിർത്തിക്കകത്ത്‌ യതൊരുവിധ അധികാരങ്ങളും ഇല്ലായിരുന്നു. ഫലത്തിൽ കൊല്ലും കൊലയ്ക്കും അധികാരമുണ്ടായിരുന്ന നമ്പൂതിരിമാരുടെ വെറും പരിചര്യക്കരായിരുന്നു കേരള രാജാക്കന്മാർ. പരമ്പരാഗത കേരളമാകെ വ്യാപിച്ചു കിടന്ന ഈ ക്ഷേത്ര ഭരണ സങ്കേതങ്ങൾ അവിടെ ഒരു കേന്ദ്ര എകീകൃത ഭരണസംവിധാനത്തിന്റെ സാധ്യത ഇല്ലാതാക്കി തീർത്തു.

Post Script: മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂർ) ആസ്ഥാനമാക്കി കേരളം വാണ കുലശേഖരചക്രവർത്തിമാരുടെ (ആദിചേരവംശം) കഥ ആർക്കിയോളജിക്കൽ തെളിവുകളുടെ അഭാവത്താൽ വെറും കെട്ടുകഥയാണെന്നു് ചരിത്രകാരന്മാർ കരുതുന്നു. ഗവേഷണതെളിവുകളോ സാഹചര്യതെളിവുകളോ ഒന്നുംതന്നെ അങ്ങനെ ഒരു കഥയെ സാധൂകരിക്കുന്നില്ല. പരമ്പരാഗത കേരള പ്രദേശത്തു നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള കേരളീയ ശാസനങ്ങളിലൊന്നും തന്നെ 'ചേരം', 'ചേരൻ', 'ചേരമാൻ', 'കുലശേഖരൻ' എന്നു തുടങ്ങിയ സംജ്ഞകളോ, വംശനിർദ്ദേശങ്ങളോ കാണാനില്ല. അതുപോലെ നൂറുവർഷം നീണ്ടുനിന്നു എന്ന്‌ പറയപ്പെടുന്ന ചോള-ചേര യുദ്ധത്തിന്റെ (A.D.985 - A.D.1102) കഥയും തെളുവുകളുടെ അഭാവത്താൽ വാസ്തവത്തിൽ സംഭവിച്ചിട്ടില്ലാത്ത വെറും കഥയായി ഒതുങ്ങുന്നു.

19 March 2013

ന്യൂക്ലിയർ റിയാക്ടറും ശിവലിംഗവും



കടപ്പാട്‌:
സാങ്കേതിക വിവരം - സുജിത് ഉണ്ണികൃഷ്ണൻ via facebook

ശിവലിംഗത്തിന്റെ രൂപത്തിൽ നാം (തെറ്റിദ്ധരിച്ച്‌) കാണുന്നത്‌ യഥാർത്ഥത്തിൽ ന്യുക്ലിയർ റിയാക്ടർ അല്ല. അത്‌ ന്യുക്ലിയർ റിയാക്ടർ ഉൾപ്പെടെയുള്ള സമുചയത്തിന്റെ ഒരു രക്ഷാകവചം മാത്രമാണ്. ബാഹ്യമായ ഉപദ്രവങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും സമുചയത്തിന്റെ രക്ഷയ്ക്കും,  പുറത്തെ അന്തരീക്ഷ നിലയയോടനുബന്ധിച്ച്‌ ഉള്ളിലെ റിയാക്ടർ, വൈദ്യുതോർജ്ജം തുടങ്ങിയ ഘടകങ്ങളുടെ താപ-സമ്മർദ്ദ സന്തുലനം സാദ്ധ്യമാക്കാനും ഉള്ള ഒരു ആവരണമാണത്‌. അതുകൊണ്ടു തന്നെ രക്ഷാകവചത്തിന്റെ കാര്യത്തിൽ ശിവലിംഗ രൂപത്തിലുള്ള ഡിസൈൻ അത്ര ഫലപ്രദമല്ല. കവചത്തിന്റെ ഏറ്റവും ഫലപ്രദമായ രൂപകല്പന  വൃത്താകൃതിയിലുള്ളതാണ്. പക്ഷെ അത്‌ പണിതെടുക്കൽ ദുർവഹമാണ്. അതിനാൽ മുകൾ ഭാഗം അർത്ഥവൃത്താകൃതിയിലും താഴോട്ട്‌ കുഴൽ പോലെ നീണ്ടതും (സിലിണ്ടർ) ആയ രൂപകല്പനയാണ് പൊതുവേ ചെയ്യുന്നത്‌. അതിന്റെ താഴത്തെ ഭാഗം ചതുരാകൃതിയിലോ ഷഢ്ഭുജകോണാകൃതിയിലോ നിർമ്മിക്കുന്നു. ന്യൂക്ലിയർ റിയാക്ടർ ഉൾപ്പെടുന്ന മുഴുവൻ സംവിധാനവും ഉൾകൊള്ളാൻ തക്ക വിധത്തിലായിരിക്കും കവചം രൂപകല്പന ചെയ്യുന്നത്‌. 


മതവിശ്വാസങ്ങളെയും മത ചിഹ്നങ്ങളെയും ആധുനിക ശാസ്ത്ര സത്യങ്ങളിൽ കണ്ടെത്തി പരസ്പരം കൂട്ടികെട്ടാൻ ശ്രമിച്ചാൽ “ശിവലിംഗം ന്യൂക്ലിയർ റിയാക്ടറിന്റെ ചെറിയ പതിപ്പാണ്“ എന്ന മട്ടിലുള്ള അബദ്ധ ധാരണകളും പേറി നടക്കേണ്ടിവരും.    

02 March 2013

മഹാഭാരതം – പഠന കുറിപ്പുകൾ

ശക്തിപുത്രനായ പരാശര മഹർഷിക്ക്‌ സത്യവതി എന്ന മുക്കുവ കന്യകയിലുണ്ടായ കൃഷ്ണദ്വൈപായന വ്യാസന്റെ ഭാവനയിൽ വിരിഞ്ഞതാണ് ‘ജയം’ എന്ന മഹാഭാരത കഥ. കൃഷ്ണദ്വൈപായനൻ ചൊല്ലി ഹേരംബൻ അർത്ഥം ഗ്രഹിച്ച് പകർത്തിയെഴുതിയ മഹാഭാരതത്തിന് 8800 ശ്ലോകങ്ങൾ ഉണ്ടായിരുന്നു. പിന്നീട്‌ അത് 24000 ശ്ലോകങ്ങളായി, പിന്നെ100,000 ശ്ലോകങ്ങളായി വികസിച്ച്‌ ഇന്നത്തെ മഹാഭാരതമായി.  മൂല കൃതിക്ക്‌ 14 ഉം, 15 ഉം, 30 ലക്ഷം വരെ ശ്ലോകങ്ങളുള്ള പല പല ഭാഷ്യങ്ങളുണ്ടായി എന്ന്‌ മഹാഭാരതം തന്നെ അനുക്രമണികാപർവ്വത്തിൽ സാക്ഷ്യപ്പെടുത്തുന്നു.

ദ്വീപിൽ ജനിച്ചു വളർന്നതുകൊണ്ട്‌  “ദ്വൈപായനൻ“ എന്ന പേരുണ്ടായി. വേദമെല്ലാം പകുത്ത്‌ വിസ്തരിച്ചതുകൊണ്ട്‌ “വ്യാസൻ“ എന്ന പേരും ലഭിച്ചു. വിചിത്രവീര്യന്റെ ഭാര്യമാരിൽ  ധൃതരാഷ്ട്രർ, പാണ്ഡു, വിദുരർ എന്നിവർക്ക്‌ ജന്മം നൽകി അവരുടെ പിതാവായും, കൌരവ പാണ്ഡവരുടെ പിതാമഹനായും വ്യാസൻ കഥയിൽ പ്രത്യക്ഷപ്പെടുന്നു.  ഒരേ സമയം കഥാകാരനും കഥാപാത്രവുമായി നിൽക്കുവേ തന്നെ കഥയിലുടനീളം ഒരു കഥാകാരന്റെ  വിട്ടുവീഴ്ച്ചയില്ലാത്ത നിഷ്പക്ഷത വ്യാസൻ പുലർത്തിയിട്ടുമുണ്ട്‌..

പരീഷിത്തിന്റെ പുത്രനായ ജനമേജയൻ നടത്തിയ സർപ്പസത്രത്തിൽ വ്യാസ ശിഷ്യനായ വൈശമ്പായനൻ മഹാഭാരത കഥ പറഞ്ഞു. അവിടെവെച്ചാണ് സൂതപുത്രനായ ഉഗ്രശ്രവസ്സ്‌ മഹാഭാരത കഥ കേട്ട്‌ ഗ്രഹിച്ചത്‌. ക്ഷത്രിയന് ബ്രാഹ്ണസ്ത്രീയിൽ ജനിച്ച സന്തതിപരമ്പരയണ് സൂത വംശം. പിന്നീട്‌ നൈമിഷാരണ്യത്തിൽ കുലപതിയായ ശൌനകന്റെ സത്രത്തിൽ പങ്കെടുക്കാനത്തിയ മഹർഷിമാരുടെ ആഗ്രഹപ്രകാരം ഉഗ്രശ്രവസ്സ്‌ മഹാഭാരത കഥ പറയുന്നു.

മനുഷ്യമനസ്സിന്റെ ഒട്ടുമിക്ക ഭാവങ്ങളും അവയുടെ വിവിധ പരിണാമങ്ങളും മനുഷ്യനുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രപഞ്ചഘടകങ്ങളിൽ അവയുളവാക്കുന്ന അനന്തരഫലങ്ങളും വ്യാസന്റെ തൂലിക വിഷയമാക്കി. മഹാഭാരത കഥ മനുഷ്യന്റെ കഥയാണ്. എക്കാലത്തേയും മനുഷ്യഭാവങ്ങളുടെ കഥയാണ്. ദേവനിലേയും അസുരനിലേയും അമാനുഷികതയുടെ പുറംതോട്‌ മാറ്റിയാൽ മനുഷ്യ ഭാവം തന്നെ അവിടെയും. രാഗദ്വേഷകലുഷമായ ജീവിതം കാര്യമായ വ്യത്യാസങ്ങളൊന്നും ഇല്ലാതെ മനുഷ്യ- സ്വർഗ്ഗ- അസുര ലോകങ്ങളിൽ സമമായി പ്രവഹിക്കുന്നു.  അധികാരം മദം മാത്സര്യം ഭയം അസൂയ വീര്യം കാമം വഞ്ചന പ്രേമം പൌരുഷം പ്രതികാരം എല്ലാം എല്ലാം ഇവിടെയും അവിടെയും തുല്യം.  ‘ഞാൻ‘ ‘നീ‘ എന്ന ദ്വൈത ഭാവമുള്ളടത്തോളം ഇവിടെയുള്ളതേ അവിടെയും ഉള്ളൂ എന്ന്‌ വ്യാസൻ ഉറപ്പിച്ച്‌ പറയുന്നു.  അനിയന്ത്രിതവും നിരപേക്ഷവുമായ സ്വാതന്ത്രിയം ഈ രണ്ടു ലോകത്തും ആർക്കും എവിടേയും ഇല്ല. സമ്പത്തും പദവിയും ക്ഷേമാഐശ്വര്യങ്ങളുമൊക്കെ ഇരുവരുടെയും കാര്യത്തിൽ പുൽക്കൊടിതുമ്പിൽ വിറച്ചു നിൽക്കുന്ന ഹിമകണം പോലെ ചഞ്ചലം. രാഷ്ട്രീയ മാറ്റങ്ങൾ ഭൂമിയിലെ പോലെ തന്നെ പരലോകത്തും. ഏതെങ്കിലും ഒരു മുനി ആഞ്ഞു തുമ്മിയാൽ തെറിക്കുന്ന ഉറപ്പേയുള്ളൂ ദേവേന്ദ്രന്റെ കസേരക്ക്‌.... കാലം മുൻപിൽ കൊണ്ടിടുന്ന സമസ്യകൾക്ക്‌ പലപ്പോഴും പരിഹാരം  കാണാനാവാതെ കുഴങ്ങി നിൽക്കുന്ന ശക്തരായ ബ്രഹ്മവിഷ്ണുമഹേശ്വരന്മാർ. അമൃത്‌ നുണഞ്ഞ്‌ ചിരംജീവികളായി വിലസുന്ന ത്രിമൂർത്തികളുൾപ്പെടെയുള്ള ദൈവങ്ങളെ പോലും ഇല്ലാതാക്കുന്ന കല്പാന്ത പ്രളയം. സ്വരക്ഷയ്ക്ക്‌ പോലും പ്രാപ്തരല്ലാത്ത ദൈവങ്ങളെ പ്രീതിപ്പെടുത്താൻ ഹോമാഗ്നി ജ്വലിപ്പിക്കുന്ന മനുഷ്യർ.

മനുഷ്യന്റെ യുക്തിരഹിതമായ വിശ്വാസങ്ങളെ, പ്രത്യേകിചും അന്ധമായ ഈശ്വരവിശ്വാസത്തെ,  പ്രത്യക്ഷമായും പരോക്ഷമായും പരിഹാസ വിഷയമാക്കിയിട്ടുണ്ട്‌ വ്യാസൻ തന്റെ കൃതികളിൽ. ഭീകരമായ കൌരവപാണ്ഡവ യുദ്ധം അവസാനിച്ചു. മരണം കാത്ത്‌ കിടക്കുന്ന ഭീഷ്മപിതാമഹനെ കൃഷ്ണാർജ്ജുനഭീമാദികളോടൊപ്പം ചെന്നു കണ്ട ധർമ്മപുത്രരോട്‌ നിറകണ്ണുകളോടെ ഭീഷ്മർ ചോദിക്കുന്നു:
“ഹോ കഷ്ടം! നീയാണെങ്കിൽ ധർമ്മത്തെ വിട്ട്‌ സഞ്ചരിക്കാത്ത മനുഷ്യൻ. ആളും അർത്ഥവും അധികാരവും പ്രാതാപവും ലോകത്ത്‌ ആരിലും കവിഞ്ഞ്‌ നിനക്കുണ്ട്‌. എന്തിനും പോന്ന ശക്തരായ ഭീമാർജ്ജുനന്മാർ നിന്റെ അനുജന്മാർ. ഗാണ്ഡീവം, ബ്രഹ്മാസ്ത്രം തുടങ്ങി ശക്തമായ ആയുധശേഖരത്തോടുകൂടിയ സൈന്യബലം. പോരാത്തതിന് സാക്ഷാൽ ഈശ്വരനായ ശ്രീകൃഷണൻ നിന്റെ ഉറ്റ സുഹൃത്ത്‌..  എന്നിട്ടും കുഞ്ഞേ ആപത്തും ദുഃഖവും കഷ്ടനഷ്ടങ്ങളുമല്ലാതെ നിനക്ക്‌ ജീവിതത്തിൽ മറ്റെന്തുണ്ടായിട്ടുണ്ട്?“ (മ. ഭാഗ. പ്രഥമസ്കന്ധം 9:11-15)

ഈ പ്രപഞ്ചത്തിൽ ഒന്നും അരുടേയും, ഒരീശ്വരന്റേയും പൂർണ്ണ നിയന്ത്രണത്തിലല്ല എന്ന്‌ വ്യാസൻ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. വ്യാസൻ വരച്ചു കാണിച്ച പൂർണ്ണവതാരമായ ശ്രീകൃഷ്ണന്റെ ജീവിതം ഒന്ന്‌ നിരീക്ഷിച്ചാൽ ആർക്കും ഇത്‌ ബോധ്യമാകും.   ചിന്തിച്ചുനോക്കിയാൽ  ഈശ്വരനായ ശ്രീകൃഷ്ണൻ ആരെ രക്ഷിച്ചിട്ടുണ്ട്‌ ? പണസഹായം ( (കുചേലൻ) വൈദ്യ സഹായം (സുധാമ) തുടങ്ങി മറ്റ് അല്ലറ ചില്ലറ സഹായങ്ങളൊഴിച്ചാൽ  കാര്യമാത്ര പ്രസക്തമായി ആരെയും ഭഗവാൻ രക്ഷച്ചതായി വ്യാസൻ പറയുന്നില്ല. (ദ്രൌപതിയുടെ വസ്ത്രാപേക്ഷ കഥയിലെ അഴിക്കുന്തോറുംതൽ‌സ്ഥാനത്ത്‌  വീണ്ടും വസ്ത്രമുണ്ടായിക്കൊണ്ടിരിക്കുന്ന  കൃഷ്ണന്റെ അത്ഭുത കഥയും, അക്ഷയപാത്രത്തിന്റെ പേരിലുള്ള ദുർവ്വാസഃ കഥയും പ്രക്ഷിപ്തമാണ്).   മറിച്ച്‌ ദുരന്തങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു ശ്രീകൃഷ്ണന്റെ ജീവിതം. രക്തരൂക്ഷിതമായിരുന്നു ആ ജനനം. ജനിക്കുന്നതിനു മുൻപും ജനിച്ചതിനു ശേഷവും ശ്രീകൃഷ്ണന്റെ പേരിൽ അനേകം പിഞ്ചുകുട്ടികൾ ക്രൂരമായി കൊല്ലപ്പെട്ടു. അച്ഛനമ്മമാർ കഠിന തടവിൽ. അനാഥമായ ബാല്യം. ബാല്യകാലത്തു പലപ്പോഴായി നേരിട്ട രഹസ്യമായ വധശ്രമങ്ങൾ. മുതിർന്ന്‌ കുടുംബഭാരമേറ്റപ്പോൾ സ്ത്രീ വിഷയത്തിൽ സ്വന്തം പുത്രന്റെ കൈയ്യിലിരിപ്പ്‌ കൊണ്ടുള്ള അപമാനം.  കൊലപാതകം രത്നമോഷണം തുടങ്ങിയ ചെയ്യാത്ത കുറ്റാരോപണങ്ങളാലുള്ള ദുഷ്കീർത്തി നാട്ടിൽ വേറെ. രാജ്യം ലഭ്യമായപ്പോഴോ ശക്തനായ ജരാസന്ധന്റെ ആക്രമണം പേടിച്ച്‌ രാജ്യം വിട്ട്‌ കുറേ നാൾ കാട്ടിലും മലയിലും ഗുഹയിലും കഷ്ടപ്പെട്ട്‌ ഒളിവിൽ കഴിയേണ്ടിയും വന്നു.

പിന്നെ ആരെ രക്ഷിച്ചു ഭഗവാൻ ? ബന്ധുക്കളായ കുരുപാണ്ഡവരെയോ ?പതിനെട്ട് അക്ഷൌണി പടയുമായി തുടങ്ങിയ യുദ്ധം അവസാനിച്ചപ്പോൾ ശേഷിച്ചത്‌ പത്തുപേർ. കൌരവപാണ്ഡവരുടെ സന്തതികളിൽ ഒരാൾ പോലും അവശേഷിച്ചില്ല. ശ്രീകൃഷ്ണന്റെ സ്വന്തം കുടുംബത്തിന്റെ അന്ത്യം ഇതിലും ഭീകരം. ബന്ധുക്കളും മക്കളും മദ്യപിച്ച്‌ മദമത്തരായി വഴക്കിട്ട്‌ പരസ്പരം വെട്ടിയും തല്ലിയും കൊന്നു. സ്വന്തം മക്കളുൾ‌പ്പെടെ യദുക്കളുടെ വഴിവിട്ടുള്ള ജീവിതരീതികളും, മദ്യപാനവും തമ്മിലടിയും മൂലം രാജ്യം നശിച്ചത്‌ തടയാനാകാതെ ശ്രീകൃഷ്ണനും ജേഷ്ഠൻ ബലരാമനും രാജ്യം ഉപേക്ഷിച്ച്‌ കാനനം പൂകി. ആടുത്ത്‌ തന്നെ ജേഷ്ഠൻ മരിച്ചു. ഒറ്റയ്ക്ക്‌ ചിന്താമഗ്നനായി കാട്ടിൽ അലഞ്ഞു നടന്ന പൂർണ്ണാവതാരമായ ശ്രീകൃഷണന്റെ ജീവിതം ഒടുവിൽ ഒരു മലവേടന്റെ ശരമുനയിൽ അവസാനിച്ചു. കാനനത്തിൽ അനാഥമായി കിടന്ന രാമകൃഷ്ണന്മാരുടെ മൃതശരീരങ്ങൾ തിരഞ്ഞ്‌ കണ്ടുപിടിച്ച്‌ സംസ്കരിക്കൻ കഴിഞ്ഞതു പോലും ദിവസങ്ങൾ കഴിഞ്ഞു മാത്രം. ജനനം കൽതുറിങ്കിലും, അന്ത്യം കൊടുങ്കാട്ടിലുമായി ആ ജീവിതം തീർന്നു. രാജ്യം കടൽ വിഴുങ്ങി. ഭർത്താവും, കുട്ടികളും, വീടും,  രാജ്യവും നഷ്ടപ്പെട്ട്‌ അഭയാർഥികളായിത്തീർന്ന ശ്രീകൃഷ്ണന്റെ ഭാര്യമാരിൽ സുന്ദരികളായവരെ മാത്രം തിരഞ്ഞുപിടിച്ച്‌ കൊള്ളക്കാർ തട്ടിക്കോണ്ടുപോയി. ശേഷിച്ചത്‌ കുറച്ച്‌ വൃദ്ധകളും  കുട്ടികളും മാത്രം. ശ്രീകൃഷ്ണന്റെ വംശം വേരറ്റു.

വ്യാസൻ ഒരു കാര്യം സൂര്യതുല്യമായ വ്യക്തതയോടെ പറയുന്നു: പുറമേയുള്ള ഒരീശ്വരനും നമ്മെ ശിക്ഷിക്കാനോ രക്ഷിക്കാനോ കഴിയില്ല. കാലപ്രചോദിതമായി സകലതും സംഭവിക്കുന്നു. കാലത്തെ അതിക്രമിക്കാൻ ആർക്കും സാദ്ധ്യമല്ല; പിടിച്ചുനിർത്താനും ആർക്കും കഴിയില്ല. ഇവിടെ മനസ്സ്‌ പതറാതെ ഇളകാതെ കഴിവിനൊത്തവിധം ചെയ്യാനുള്ളത്‌ ചെയ്തിട്ട്‌ പിന്മാറുക. ഇതിൽ കവിഞ്ഞ്‌ ഇവിടെ ഈ പ്രപഞ്ചത്തിൽ മനുഷ്യർക്കോ ദൈവങ്ങളുൾപ്പെടെയുള്ള അമാനുഷർക്കോ ഒന്നും തന്നെ സാദ്ധ്യമല്ല.

പ്രപഞ്ചജീവിതത്തിന്റെ ഉത്തരം കിട്ടാത്ത ഒട്ടുമിക്ക സമസ്യകളിലൂടെ മഹാഭാരതം കഥ പറഞ്ഞു പോകുന്നു.  ഒരു യുക്തിക്കും വഴങ്ങാത്ത വൈരുദ്ധ്യങ്ങൾ നിറഞ്ഞ ലോക ജീവിതത്തിൽ മനുഷ്യൻ മോഹപരവശനായി ദുഃഖിക്കാൻ പ്രതിജ്ഞ എടുത്ത്‌ വന്നതുപോലെ പെരുമാറുന്ന  പല കഥാസന്ദർഭങ്ങളിലും വ്യാസന്റെ നിശ്ശബ്ദമായ ചിരി നമ്മുക്ക് കേൾക്കാം.

പക്ഷെ ഇതൊന്നും മഹാഭാരതം അമർചിത്ര കഥയോ മഹാഭാരതം എന്ന പേരിൽ അച്ചടിച്ചിറങ്ങുന്ന സംഗ്രഹ പുസ്തകങ്ങളോ വായിച്ചാൽ നമ്മുക്ക്‌ കിട്ടില്ല. അതിലെ ആത്മാവ്‌ അപഹരിക്കപ്പെട്ട ജീവനില്ലാത്ത കഥയും,  കേവലം വരകളിലൊതുങ്ങുന്ന അസ്ഥിപഞ്ചരങ്ങളായ കഥാപാത്രങ്ങളും കണ്ട്‌ നാം “ഞാൻ മഹാഭാരതം വായിച്ചു” എന്ന കൃതാർത്ഥതയോടെ പുസ്തകം അടച്ചു വയ്ക്കുന്നു.  അതുകൊണ്ടു തന്നെ പിന്നീട്‌ എപ്പോഴെങ്കിലും വ്യാസ മഹാഭാരതം സമ്പൂർണ്ണമായി കൈയ്യിൽ കിട്ടിയാലും നാം ഒരു പുനർവായനയ്ക്ക്‌ മെനക്കെടാറില്ല. കാക്കപൊന്നു് രത്നമാണെന്നു് വിശ്വസിച്ച്‌ നാം കൊണ്ടു നടക്കും. 

13 October 2012

സ്വർണ്ണം

ഞാനത്‌ വിശ്വസിക്കൂലാ.

എന്തോന്ന്‌?

ബാബ ശൂന്യതേന്ന്‌ സ്വർണ്ണം ഉണ്ടാക്കീന്ന്‌

ങാഹാ..?

ഇല്ല ഞാ വിശ്വസിക്കൂല

ങാഹാ..അപ്പം ലോകമൊണ്ടായതോ?

അത്‌ ..... ശൂന്യതേന്ന്‌ .

എന്നാപിന്നെ ഇച്ചിരി സ്വർണ്ണം ഒണ്ടാക്കാനാണോടേ പാട്‌ .... യെവനാരെടാ ? 

22 September 2012

my icon

"I don't deserve praise for my struggles. It was not a sacrifice. It was a choice that I made. I decided to follow a path that I thought was right. And so really, I deserve no praise for it, nor do I really deserve compassion for any of the problems I might have met along the way because it was my choice,"  - Aung San Suu Kyi

Photograph Courtesy: Nic Dunlop

17 July 2012

അവധൂതന്റെ വഴി - 1

അവധൂതൻ ധ്യാനിക്കാൻ ഇരുന്നു. അപ്പോഴാണ്‌ അല്പം ദൂരെ മാറി തണൽ പറ്റി അലസനായി പാറയിൽ ചാരി ഇരിക്കുന്ന രൂപം ശ്രദ്ധയിൽപെട്ടത്. കണ്ണു ചെറുതാക്കി സൂക്ഷിച്ചു നോക്കിയപ്പോൾ തിരുസന്നിധിയിൽ നിന്നും ബഹിഷ്കൃതനായ ചെക്കൻ.

“ങ്ങൂം നീയെന്തരെടേയ്‌ ഇവിടെ ഇങ്ങനെ? മനുഷ്യർക്കിട്ട്‌ പണിയുന്ന പരിപാടി മതിയാക്കിയാ?”

“ഓ ഇപ്പം വല്യ പണിയൊന്നുമില്ല... മൊല്ലാക്കമാരും, മെത്രാന്മാരും കാഷായവസ്ത്രക്കാരുമൊക്കെ ഇപ്പോ എന്നെക്കാൾ നല്ല ഭംഗിയായി കുഞ്ഞാടുകളെ ഒരു വഴിക്കാക്കുന്നുണ്ട്‌. പിന്നെ ഞാനെന്തിനു വെറുതെ....”

(അവലംബം: സൂഫിയുടെ പാത)

22 June 2012

movie

Troubled Water (Norway)തെറ്റിനും വിടുതലിനും ഇടയിൽ രൗദ്രരൂപം പൂണ്ട്‌ കുത്തിയൊലിച്ചൊഴുകുന്ന മലവെള്ളത്തിൽ നിലകിട്ടാതെ നീന്തുന്നവർ. ഇവിടെ അഭിനേതാക്കളെ നാം കാണുന്നതേയില്ല. കഥയും കഥാപാത്രങ്ങളും മാത്രം. 

04 June 2012

എല്ലാത്തിന്റെയും യാഥാർത്ഥ്യം

എല്ലാ താദാന്മ്യങ്ങളും ഒഴിവാക്കപ്പെടുമ്പോൾ ഒടുവിൽ സ്വയം പ്രകാശിതമായി കേവലമായി നിൽക്കുന്നതെന്തോ അതാണ് സത്യമായ സ്വരൂപം. എല്ലാ പ്രയത്നങ്ങളും അവനവന്റെ സ്വയം താദാത്മ്യപെടലുകളെ ഒഴിവാക്കാനാണ് - ശരീരത്തോടുള്ള താദാത്മ്യം, മനസ്സിനോടുള്ള താദാത്മ്യം; വർഗ്ഗം, ജാതി, മതം, ദേശം തുടങ്ങിയവയോടുള്ള താദാത്മ്യം; വിവിധ സങ്കല്പങ്ങളോടും, ആശയങ്ങളോടും, പ്രത്യയശാസ്ത്രങ്ങളോടും ഉള്ള താദാത്മ്യം. താദാത്മ്യങ്ങൾ പരിമിതപ്പെടുത്തലാണ്. അവ ആഭാസിതങ്ങളാണ്. ഞാനല്ലാത്തവയെ മാറ്റിനിർത്തിയാൽ പിന്നെ എന്തവശേഷിക്കുമോ അതാണ് ഞാനിന്റെ യാഥാർത്ഥ്യം. ചരവും അചരവുമായ എല്ലാത്തിന്റെയും യാഥാർത്ഥ്യം അതാണ്.

22 April 2012

ഭഗവാന്റെ ബുദ്ധിമുട്ട്‌

ഒരിക്കൽ രമണമഹർഷിയെ കാണുവാൻ ഒരു ഭക്തൻ വന്നു. അയാൾ പറഞ്ഞു: “കണ്ണിനു കാഴ്ച്ചകുറവുണ്ട്‌, ശരിയായ കാഴ്ചയില്ല, ഭഗവാൻ അനുഗ്രഹിക്കണം”. ശരി എന്ന്‌ ഭഗവാൻ. ഭക്തൻ പോയികഴിഞ്ഞപ്പോൾ ഭഗവാൻ പറഞ്ഞു: “അവർ കണ്ണിനു കാഴ്ചയില്ലെന്നു പറയുന്നു. എനിക്ക്‌ കാലിനു സുഖമില്ല. ഞാനാരോടു പറയുവാനാണ്‌ ?”. 

29 February 2012

നമ്മുടെ സംസ്കാരം

ഒരു മതസംഘടനയുടെ വക്കീൽ സ്വവർഗ്ഗ അനുരാഗത്തിനെതിരായി സുപ്രീംകോടതിയിൽ പരാതി സമർപ്പിക്കുന്ന അവസരത്തിൽ പറഞ്ഞു: "India has got its own culture, tradition and custom. We cannot follow other culture. These things are being dumped in the country".

ഏതു കാലഘട്ടത്തിലെ സംസ്കാരത്തെയാണ് അദ്ദേഹം ഇന്ത്യയുടെ തനതായ സംസ്കാരം എന്നുകൊണ്ട് ഉദ്ദേശിച്ചത്?  ദേശീയവാദികൾ, ഹിന്ദുരാഷ്ട്രവാദികൾ, പ്രാദേശികവാദികൾ തുടങ്ങിയവർ പതിവായി ഉയർത്തികൊണ്ടു വരുന്ന ഒരു വാചകമാണ് 'നമ്മുടെ നാടിന്റെ സംസ്കാരം'. എന്താണവർ ആ വാക്കുകൾകൊണ്ടുദ്ദേശിക്കുന്നത് ?

 ഞാൻ മനസ്സിലാക്കിയടത്തോളം മനുഷ്യനെയും അവനുൾപ്പെടുന്ന പ്രപഞ്ചത്തെയും കുറിച്ചുള്ള ധാരണകൾ, കാഴ്ച്ചപ്പാടുകൾ കാലഘട്ടങ്ങളിലൂടെ മനുഷ്യൻ ആർജ്ജിക്കുന്ന അറിവിന്റെ വെളിച്ചത്തിൽ മാറിമറയുകയും അത് അവൻ അന്നുവരെ പിന്തുടർന്ന മൂല്യങ്ങളുടെ പുനർവിചിന്തനത്തിനു വഴിയൊരുക്കുകയും ചെയ്യുന്നു. ഈ മൂല്യങ്ങളുടെ പ്രതിഫലനമാണ് അവന്റെ, അവൻ ഉൾപ്പെടുന്ന സമൂഹത്തിന്റെ സംസ്കാരം. അത് പരിവർത്തനാത്മകമാണ്. അതുകൊണ്ടുതന്നെ സമൂഹം വച്ചുപുലർത്തുന്ന ആചാരപാരമ്പര്യങ്ങളും മാറ്റത്തിനുവിധേയമാണ്.

ഇന്ന് മാനവരാശിയെ നയിക്കുന്നത് സാമാന്യബോധത്തിന്റെയും ആധുനികശാസ്ത്രത്തിന്റെയും വെളിച്ചമാണ്. മനുഷ്യനെ സംബന്ധിക്കുന്ന സ്വവർഗ്ഗാനുരാഗം തുടങ്ങിയ കാര്യങ്ങൾ ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കാൻ ശ്രമിക്കാതെ കാലഹരണപെട്ട അറിവിന്റെയും പാരമ്പര്യത്തിന്റെയും വെളിച്ചത്തിൽ നടക്കാൻ ശ്രമിച്ചാൽ അത് അന്ധകാരത്തിലേക്കുള്ള കൂപ്പുകുത്തലായിരിക്കും.

26 February 2012

MF Hussain, Salman Rushdie


"I have sworn upon the altar of God, eternal hostility against every form of tyranny over the mind of man" - Thomas Jefferson

മാനവികസംസ്കാരത്തിന്റെ വളർച്ച മനുഷ്യന്റെ അഭിപ്രായ / ആവിഷ്കാര സ്വാതന്ത്രിയത്തിനു കടപ്പെട്ടിരിക്കുന്നു. അതിനു തുരങ്കം വയക്കുന്നതെന്തും ശിലായുഗസംസ്കാരത്തിലേക്ക് ദുരന്തപര്യവസായിയായ തിരിച്ചുപോക്കാണ്.

"I disapprove of what you say, but I will defend to the death your right to say it" - Evelyn Beatrice Hall

ഏവർക്കും തുല്യമായ മതസ്വാതന്ത്രിയം ആവിഷ്കാരസ്വാതന്ത്രിയം അഭിപ്രായസ്വാതന്ത്രിയം നീതിന്യായ വ്യവസ്ഥ എന്നിവയിൽ അധിഷ്ഠിതമാണ് ജനാധിപധ്യ സംവിധാനം. ഈ വ്യവസ്ഥയിൽ സ്വന്തം അഭിപ്രായ / ആവിഷ്കാര സ്വാതന്ത്രിയത്തോടൊപ്പം സ്വന്തം വികാരങ്ങൾ വിശ്വാസങ്ങൾ വ്രണപ്പെടാനുള്ള സ്വാതന്ത്രിയവും അടങ്ങിയിരിക്കുന്നു എന്ന വസ്തുത നാം പലപ്പോഴും വിസ്മരിക്കുന്നു.

"Censorship is telling a man he can't have a steak just because a baby can't chew it" - Mark Twain

11 February 2012

മനുഷ്യനും ആദർശങ്ങളും

സ്വന്തം ആദർശങ്ങളുടെയും നിലപാടുകളുടെയും മേലുള്ള ഗാന്ധിജിയുടെ കടുംപിടിത്തം അതിന്റെ പരിണിതഫലങ്ങൾ;  കേരളത്തിലെ-ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സൈദ്ധാന്തിക കാഴ്ച്ചപ്പാട് പ്രവർത്തന രീതി; ഇന്നു കാണുന്ന കോൺഗ്രസ്സു പാർട്ടിയുടെ ആദർശരാഹിത്യം, പ്രീണന നയം; കമ്മ്യൂണിസ്റ്റ്-മുതലാളിത്ത-സ്വതന്ത്ര വിപണി സമ്പദ്ഘടനാ സിദ്ധാന്തങ്ങൾ അവയുടെ പ്രായോഗികതലത്തിലെ അനുഭവങ്ങൾ; ജനാധിപത്യ-എകാധിപത്യ ഭരണസംവിധാനങ്ങളുടെ പ്രായോഗികതലത്തിലെ  അനുഭവങ്ങൾ; ഇവ നോക്കി വിലയിരുത്തിയപ്പോൾ മനസ്സിൽ ഉറപ്പായ ഒരു കാര്യം ഇതാണ്  - മാതൃകാപൂർണ്ണമല്ലാത്ത ഒരു ലോകത്ത്  മാതൃകാപൂർണ്ണമായ ആദർശം നടപ്പാക്കുക ആർക്കും സാദ്ധ്യമല്ല. പക്ഷേ ന്യായമായ വിട്ടുവീഴ്ച്ചകൾക്ക് തയ്യാറായികൊണ്ട്  താൻ തിരഞ്ഞെടുത്ത ആദർശത്തിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടി കടുംപിടിത്തമില്ലാതെ പരിശ്രമിക്കാം. അതാണ് പ്രാവർത്തികം.

ആത്മകഥയിലെ "പൂർത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങൾ" എന്ന അദ്ധ്യായത്തിന്റെ തുടക്കത്തിൽ മാർട്ടിൻ ലൂതർ കിങ്ങ് എഴുതി: "I guess one of the great agonies of life is that we are constantly trying to finish that which is unfinishable. We are commanded to do that. And so we, like David, find ourselves in so many instances having to face the fact that our dreams are not fulfilled. Life is a continual story of shattered dreams......Well that is the story of life....It may not come today or it may not come tomorrow, but it is well that it is within thine heart. It's well that you are tying. You may not see it. The dream may not be fulfilled, but it's just good that you have a desire to bring it into reality. It's well that it's in thine heart."

30 November 2011

ഒരു സൂഫി കവിതയുടെ സ്വതന്ത്ര പരിഭാഷ




എൻ മനം ഹർഷോന്മാദത്താൽ തുളുമ്പിയെങ്കിൽ !
നീ അനാവൃതമാക്കുന്ന വിസ്മയങ്ങൾ എന്നെ ഉന്മാദിനിയാക്കിയെങ്കിൽ !
പ്രിയനേ എന്നിൽ ജനിക്കൂ, എന്നിലെ പ്രണയിനി മരിക്കട്ടെ. 
ആത്മാവിൽ അലയടിച്ചുയരും ഒരായിരം തൃഷ്ണകൾ
എന്റെ ഏകാന്ത പ്രണയമായി നിൻ തീരത്തണയട്ടെ. 

                                                                  - ജലാലുദീൻ റൂമി 

29 November 2011

ജിമ്മി ജോർജ്ജ്

കുട്ടികാലത്ത്‌ ഒരിക്കലേ കണ്ടിട്ടുള്ളൂവെങ്കിൽ കൂടി ആ ഓർമ്മയ്ക്ക്‌ ഇന്നും നല്ല പച്ചനിറം.



20 November 2011

മലാല യൂസഫ്സായി

ഭ്രാന്തവും കിരാതവുമായ മതവിശ്വാസങ്ങൾ തകർത്തെറിഞ്ഞ ജീവിതങ്ങൾക്കും സ്വപ്നങ്ങൾക്കും നടുവിൽ ഹിമകണത്തിന്റെ നൈർമല്യവും സൂര്യകാന്തി പൂവിന്റെ തേജ്ജസ്സുമുള്ള ഒരു കുഞ്ഞ്‌




10 November 2011

ചങ്ങമ്പുഴയുടെ ലോകം

ചങ്ങമ്പുഴയെ ഇത്ര ഭാവതീവ്രതയോടെ അവതരിപ്പിച്ച ഒരു ലേഖനം അടുത്തകാലത്തെവിടെയും വായിച്ചതായി ഓർക്കുന്നില്ല. എന്റെ പഠനകാലമായപ്പോഴേക്കും ആ കാല്പനികതയുടെ ലോകം കേരളത്തിന്‌ അന്യമായി. കാനായിയുടെ യക്ഷിയെ ഉൾകൊള്ളാനുള്ള കാല്പനിക മനസ്സ്‌ അപ്പോഴേക്കും കേരളത്തിന്‌ നഷ്ടമായി കഴിഞ്ഞിരുന്നു. കോളേജ്‌ കാമ്പസ്സുകളിൽ നിന്നും ചങ്ങമ്പുഴ അപ്രത്യക്ഷനാവുകയും, ആ ഭാവതീവ്രതയുടെ ലോകം കേട്ടറിവു മാത്രമായി ചുരുങ്ങുകയും ചെയ്തു. സ്കൂളിൽ ചങ്ങമ്പുഴ കവിതകൾ പഠിപ്പിച്ചിരുന്നെങ്കിലും അവയിലെ ഭാവാനുരാഗ തീഷ്ണത കേട്ടിരുന്ന ഞങ്ങൾ കുട്ടികളിലേക്കു പകരാനുള്ള പ്രതിഭയോ കാവ്യമനസോ പഠിപ്പിച്ച അദ്ധ്യാപകർക്കില്ലായിരുന്നു. കാലത്തിലൂടെ പിറകോട്ട്‌ സഞ്ചരിച്ച്‌ ആ കാല്പനികതയുടെ സൌന്ദര്യവും, അന്നത്തെ ക്ഷുഭിതമായ തീഷ്ണതകളുടെ ജ്വലനവും അനുഭവിപ്പിക്കാൻ ശാരദക്കുട്ടിയുടെ ഈ ലേഖനത്തിനു കഴിഞ്ഞിരിക്കുന്നു.

"കവിയുടെ അനുഭവത്തെ മാത്രമല്ല, വായനക്കാർ കൂടിയുൾപ്പെടുന്ന കാലത്തിന്റെ വ്യക്ത്യാതീതമായ രോദനങ്ങളെ, വൈകാരികാനുഭവങ്ങളെ കൂടി സ്പർശിക്കാൻ കവിതയ്ക്ക് കഴിയണം. അത് എല്ലാ മനുഷ്യജീവിതങ്ങളുടെയും സത്തയാണ്. ആ സത്തയെ ആവിഷ്‌കരിക്കുന്ന വാങ്മയസംഗീതമാണ് കവിത." - എസ്. ശാരദക്കുട്ടി

15 October 2011

കലയുടെ മൗലിക ധർമ്മം

“കലാകാരന്മാർക്ക്‌ സംഘടന പാടില്ല. അത്‌ ആവിഷ്കാരസ്വാതന്ത്രിയത്തെ നശിപ്പിക്കും. സമൂഹികതിന്മകൾക്കെതിരെ പോരാടാനുള്ള ആയുധമാണ്‌ കല.” - ശ്രീ തിലകൻ

ഇവിടെ മനസ്സില്‍ ഉദിച്ച ഒരു ചോദ്യം: സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പോരാട്ടമാണോ കലയുടെ മൌലികമായ ധർമ്മം ? 


കലയെ ഒരായുധമാക്കാം. ശരിതന്നെ. കമ്മ്യൂണിസ്റ്റു പാർട്ടിയെപോലുള്ള ജനമുന്നേറ്റ പ്രസ്ഥാനങ്ങൾ അങ്ങനെ ചെയ്തിട്ടുമുണ്ട്‌. കലാകാരനൊരിക്കലും സമൂഹത്തിൽ നിന്നുമകന്ന്‌ മാറി നില്ക്കാൻ സാദ്ധ്യമല്ല. അതിനാല്‍ തന്നെ അവൻ സാമൂഹ്യപ്രതിബദ്ധത ഉള്ളവനുമാണ്‌. പക്ഷെ ഈ പറഞ്ഞതൊന്നും തന്നെ കലയുടെ മൗലിക ധർമ്മത്തെ “സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പോരാടാനുള്ള ആയുധം” എന്ന നിർവചനത്തിലെത്തിക്കാൻ പര്യാപ്തമല്ല.

ആനന്ദ കുമാരസ്വാമി പറയുന്നു: “കലയുടെ ലക്ഷ്യം ശിക്ഷണമല്ല”. കലാകാരനുണ്ടാകുന്ന സൗന്ദര്യാവബോധം. തുടർന്ന്‌ അതിന്റെ ആന്തരിക പ്രകടനം അഥവാ സൗന്ദര്യദർശനം. സൗന്ദര്യദർശനമാണ്‌ കല. അതിന്റെ ബാഹ്യരൂപപ്രകടനമാണ്‌ കലസൃഷ്ടി. “മനസ്സ്‌ എവിടെയല്ലാം ഉടക്കുന്നോ അവിടെയെല്ലാം കാണുന്ന സൗന്ദര്യമാണ്‌ കലാകാരൻ പ്രകാശിപ്പിക്കുന്നത്‌”.

എന്താണ്‌ “സൗന്ദര്യം” എന്ന വാക്ക്‌ കൊണ്ടിവിടെ വിവക്ഷിക്കപ്പെടുന്നത്‌ എന്ന് വ്യക്തമായി ധരിക്കണം. ഈ ലോകത്തിന്റെ രൂപരഹിതവും ആജ്ഞേയവുമായ യാഥാർത്ഥ്യമാണ്‌ കലാകാരൻ അനുഭവിക്കുന്ന സൗന്ദര്യം. “പ്രേമം കാമുകൻ അനുഭവിക്കുന്ന യാഥാർത്ഥ്യവും, സത്യം ജ്ഞാനി അനുഭവിക്കുന്ന യാഥാർത്ഥ്യവും, സൗന്ദര്യം കലാകാരൻ അനുഭവിക്കുന്ന യാഥാർത്ഥ്യവുമാണ്‌”.

അതിനാൽ കലയുടെ മൗലിക ധര്‍മ്മത്തെ സംബന്ധിച്ചടത്തോളം "രസാസ്വാദനം അഥവാ സൗന്ദര്യാനുഭൂതി" എന്ന നിർവചനമാണ്‌ കുറേകൂടെ ശരി.

02 October 2011

സ്വതന്ത്രേച്ഛ..അങ്ങനെയൊന്നില്ല കുട്ട്യേ

Self is an illusion; free will is an illusion. One is not the conscious source of one’s actions. Thoughts and intentions simply arise in the mind, unauthored, and yet author to our actions. From the perspective of your conscious mind, you are no more responsible for the next thing you think (and therefore do) than you are for the fact that you were born into this world. We fancy that we consciously make our choices, but in reality a person’s “choices” merely appear in his mental stream as though sprung from the void.
( ശ്ശോ ഇങ്ങനെയെക്കെ പറഞ്ഞാലെങ്ങനേ...!? )

ഇതൊന്നും ഞാൻ പറഞ്ഞതല്ലേ...ആധുനിക ശാസ്ത്രം പറയുന്നതാണേ. കൂടുതലറിയണമെങ്കിൽ ഇവിടെ ക്ലിക്കൂ. ഇവിടെയും ക്ലിക്കൂ

പണ്ട്‌ “എന്നെക്കോണ്ടൊന്നും വയ്യാ ഈ പരിപാടി” എന്നും പറഞ്ഞിരുന്ന കുന്തീ സുതനോട്‌ കൃഷ്ണൻ പറഞ്ഞു : “ഡേ ഫൽഗുണാ...നീ ഇങ്ങനെ വില്ലും അമ്പും ഒക്കെ കളഞ്ഞ് ഇവിടെ കുത്തിയിരുന്നിട്ട്‌ യാതൊരു കാര്യവുമില്ല. കുറച്ചു കഴിയുമ്പം ആരും പറയാതെ തന്നെ നീ തന്നെത്താനേ എണീച്ച്‌ അടി തൊടങ്ങും. നീ ആരാ മോൻ .. യുദ്ധത്തിന്റെ വാസനയല്ലിയോ ഈ തലയ്ക്കകത്തു മുഴുവനും”. (ഭഗവദ് ഗീത 18:59-61)

പണ്ടിതു വായിച്ചപ്പം ഒന്നും കത്തിയില്ല. ഇവൻ മറ്റെവനെ സ്ക്രൂ കേറ്റി വിടുകയാണല്ലോ എന്നു മാത്രമേ തോന്നിയുള്ളൂ. ഇപ്പോഴല്ലേ ഗുട്ടൻസ്‌ പിടികിട്ടിയത്‌. കൃഷ്ണൻ പറഞ്ഞലുമില്ലെങ്കിലും ഫൽഗുണൻ മറ്റവനെ തല്ലിയിരിക്കും. 
ഗോവിന്ദ ഗോവിന്ദ !


Sam Harris, neuroscientist, explains

25 September 2011

ഏദൻ തോട്ടം

ദ്വൈത ജ്ഞാനത്തിന്റെ മരം ചൂണ്ടി കാട്ടി ദൈവം മനുഷ്യനോട്‌ പറഞ്ഞു: “നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം നീ തിന്നരുത്‌. തിന്നുന്ന നാളിൽ നീ മരിക്കും”.

അദ്വൈത ബോധ തലത്തിൽ നിന്നും മനസ്സ്‌ ദ്വൈത ബോധ തലത്തിലേക്ക്‌ ഇറങ്ങിവരുമ്പോൾ മനുഷ്യന്‌ നഷ്ടമാകുന്ന ആനന്ദാവസ്ഥ. ഈ അവസ്ഥ യഹൂദരുടെ തോറയിൽ വളരെ മനോഹരമായി ഒരു കഥയായി പറഞ്ഞിരിക്കുന്നു. ഏദൻ തോട്ടത്തിലെ ദ്വൈത ജ്ഞാനത്തിന്റെ കനി തിന്നുന്നതു വരെ ആദം ഹവ്വയിലെ സ്ത്രീയെ കണ്ടിരുന്നില്ല; ഹവ്വ ആദാമിലെ പുരുഷനെയും . ഒന്നിനെ രണ്ടായി കാണാൻ തുടങ്ങിയപ്പോൾ അവനും അവൾക്കും നാണം എന്ന വികാരം ആദ്യമായി തോന്നി. സങ്കല്പങ്ങൾ പെരുകി. രാഗങ്ങൾ, ദ്വേഷങ്ങൾ വരിഞ്ഞു മുറുകി. തന്നെയും ലോകത്തെയും രണ്ടായി കാണാൻ പ്രലോഭിതമായ മനുഷ്യ മനസ്സ്‌ ആനന്ദത്തിൽ നിന്നും ദുഃഖത്തിന്റെ കയത്തിലേക്ക്‌ എറിയപ്പെട്ടു - മനുഷ്യൻ ഏദൻ തോട്ടത്തിൽ നിന്നും പുറത്തായി. മനോഹരമായ കഥ.

പിന്നീട്‌ ആ സർപ്പബുദ്ധിയുടെ(അവ്യവസായിനാം ബുദ്ധയഃ)സ്വാധീനത്തിൽ പെടാതെ പോയവർ ചുറ്റുമുള്ളവരെ ഇതു പലപ്പോഴായി ഓർമ്മിപ്പിച്ചു.

“ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടൽ ബത, മിണ്ടാവതല്ല മമ” - എന്ന്‌ തുഞ്ചത്താചാര്യനും

നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും - എന്ന്‌ നാരായണ ഗുരുദേവനും

ചിന്തിച്ചിതു ധരിക്കേണം പലതില്ലിവിടല്പവും
മരണത്തീന്നു മരണം പൂകും പലതു കാണുവോൻ - എന്ന്‌ ഋഷിയും പറഞ്ഞു.

എന്നാൽ സ്വയം ദുഃഖിക്കാൻ പ്രതിജ്ഞ ചൊല്ലി അവതാരം ചെയ്തിരിക്കുന്ന മനുഷ്യൻ ഇത്‌ എപ്പോഴും മറന്നു.

11 September 2011

നല്ല സിനിമ

സിനിമ സംവിധായകന്റെ ദർശനമാണ്‌. കാലത്തെയും സാംസ്കാരിക ഭൂപ്രദേശത്തെയും അതിജീവിക്കുന്ന ആശയാവിഷ്കാരം - അതാണ്‌ നല്ല സിനിമയുടെ മാനദണ്ഡം.

പ്രേക്ഷകന്റെ അഭിരുചി എന്ന ഘടകത്തെ ആശ്രയിച്ചല്ല നല്ല സിനിമ സൃഷ്ടിക്കപ്പെടുന്നത്‌. ഏതെങ്കിലും പ്രത്യേക അഭിരുചിയുമായി പൊടുന്നനെ ഒരു പ്രേക്ഷക സമൂഹം ഉയർകൊള്ളുന്നില്ല. ഒരു സമൂഹത്തിന്റെ സാംസ്കാരിക അഭിരുചികളെയും ആസ്വാദന നിലവാരത്തെയും ഉയർത്തുന്നതും താഴ്ത്തുന്നതും കലാകാരനാണ്‌. അതിനാൽ നല്ല സിനിമയുടെ വളര്‍ച്ചയില്‍ പ്രേക്ഷകന്റെ അഭിരുചിക്ക്‌ വലിയ പ്രസക്തിയില്ല. എന്നാൽ സിനിമയുടെ വിനോദ മൂല്യത്തിന്‌ വളരെ പ്രസക്തിയുണ്ട്‌.

നല്ല സാഹിത്യകൃതികളുടെ അഭാവം സിനിമയുടെ നിലവാരത്തെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്‌ ഒരു പരിധിയിൽ കവിഞ്ഞ്‌ ഇല്ല എന്നാണുത്തരം. സാഹിത്യവുമായി സിനിമയ്ക്ക്‌ വല്യ ബന്ധമില്ല. തിരകഥ സാഹിത്യവുമല്ല. എന്നാൽ “സിനിമയുടെ സാഹിത്യമണ്‌ തിരകഥ”(അടൂർ). അത്‌ സംഭാഷണത്തിലെ സാഹിത്യത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഓരോ ഫ്രേമുകളുടെയും ഘടന, ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ, വിവരണങ്ങളിലെ ആധിക്യം സൂക്ഷ്മത തുടങ്ങിയവയും സിനിമയുടെ സാഹിത്യത്തിന്റെ നിർവചനത്തിൽ ഉൾപ്പെടും.

സംവിധായകന്റെ കല തന്നെയാണ്‌ സിനിമ. അതിൽ പ്രവർത്തിക്കുന്ന അഭിനേതാക്കൾ ഉൾപ്പെടെ മറ്റുളവർ സംവിധായകന്റെ ദർശനത്തിന്റെ - ആശയത്തിന്റെ സാക്ഷാത്ക്കരണത്തിന്‌ സംഭാവനകൾ നല്കുന്നവർ മാത്രം. - They are hired to do the tasks envisaged by director.

എന്നാല്‍ വ്യാവസായിക ലാഭ ലക്ഷ്യത്തോടെ നിർമ്മിക്കുന്ന സിനിമയുടെ കാര്യത്തിൽ മേല്പറഞ്ഞതൊന്നും ബാധകമല്ല.


30 August 2011

ബേപ്പൂർ സുൽത്താൻ

എന്നോ ഒരിക്കൽ ഇവിടേക്ക്‌ വന്നു.

സമരങ്ങൾ ചെയ്തു
യാത്രകൾ ചെയ്തു
തമാശകൾ പറഞ്ഞു
മനുഷ്യനെ കുറിച്ച്‌ കഥകൾ എഴുതി
ചിത്തഭ്രമങ്ങളിൽ മുഴുകി
സ്നേഹം കൊടുത്തു, വാങ്ങി
രാത്രിയിൽ ഗസ്സലുകൾ കേട്ടുകൊണ്ട്‌ ആകാശത്തിലെ നക്ഷത്രങ്ങളെ തൊടാൻ കൊതിച്ചു.

എന്നിട്ട്‌ ഏതോ ഒരു ദിവസം

“എനിക്കരുമില്ലാത്തതിനാൽ നല്ല രസമാണ്‌” എന്നു പറഞ്ഞ്‌ ഇവിടെനിന്നും മറ്റെങ്ങോട്ടോ പോയി.

28 August 2011

You and your shadow

my gaze hunts after names and forms,
and always, like mirage
they stay ahead of my reach.
sorrowful and dejected , I
search for You.
but You hides behind Your veil.
how can I blame You?
imperfect is my love, torn between
You and your shadow.
fool indeed I am,
forget always , without You
there is no shadow.

08 July 2011

The Legend Of Santiago

നാല്‌ വർഷം മുൻപ്‌ എഴുതിയത്‌. പത്മനഭസ്വാമി ക്ഷേത്രത്തിലെ നിധിയെ കുറിച്ച്‌ വായിച്ചപ്പോൾ ഇത്‌ വീണ്ടും ഓര്‍മ്മിച്ചു.

The Legend Of Santiago


Paulo Coelho’s Alchemist tells the story of Santiago, the shepherd boy, who set out to discover a treasure that would forever keep him happy. In his dreams Santiago was told about that treasure – hidden somewhere in a very distant exotic and mysterious land. But the journey would not be smooth. The great desert, where danger lurks around, had to be crossed. Local ballads sung stories of brave souls who attempted and never returned. Then there are bandits who would rob and kill anyone who cross their path. But those challenges did not deter him for he knew such a treasure could make him happy forever. He sold his sheep and began his journey. On the way he met people, did business, fell in love, fought war and found the Alchemist, who holds the key to that secret. Finally he reached the mysterious place only to found out, after much digging, that there was no such treasure. The realization dawned on him. The treasure was never kept hidden in the caves of Egypt or in the busy streets of Cairo. That kind of treasure did never really exist. This world could never have such a treasure. He could never found it outside because the treasure, the source of his happiness, lay buried within himself. He always had it within himself. He only needs to know how to dig within himself. And no Alchemist could do that for him. He had to do it himself.

In fact, in a way, there is a Santiago inside all of us, searching for that ‘Treasure’ outside among names and forms, travel in great length, encounter troubles and hardships, in the hope to get hold of that ‘thing’ which would wipe out our miseries and relieve us from our painful existence forever. Searching for something permanent and everlasting in this transient world. Sometimes we come across, on the way, a bright glittering stone. We grab it with frenzy and hold it so dear to our heart, convinced that this is indeed that Treasure which will quench the thirst of our heart for everlasting peace, pleasure, happiness and satisfaction. We start to enjoy it’s warmth, the pleasure it invokes in our senses. It begin to sooth our troubling mind with peace and tenderness. We push back, into some remote corner of our mind, that ever lingering sense of uncertainty, insecurity. We feel at the top of the world and we sleep soundly. Then one morning we wake up with a heavy gloomy heart realizing that familiar sense of uncertainty, that insecurity has returned. The stone has lost it’s brightness, it’s glittering has gone.

In desperation and hope we start our search again. On the way we come across many who claim themselves as “the Alchemist”, the one who possess the secret knowledge of the treasure. Some of these wise looking ones dressed in three piece suits and carry laptops. Some of them have long white beard, adorn beads around their neck, hands and carry a bundle of books. They confidently map the way for us and offer their expertise, most of the time with a price tag. We buckle up and travel through their way. We trek through Wall streets, climb the peaks of mighty Himalayas, looking inside every glass doors and caves for the treasure. Then somewhere in the middle of the desert, under the fire star, when every one feel tired, thirsty and lost, they tell us, “ ….sorry I thought this was the way, at least that was what my computer calculated for me…that was what I read from my ancient book of wisdom….I am not very sure now”.

05 July 2011

നിരൂപണത്തിന്റെ ആത്മാവ്‌

നൂതനവും സർഗാദ്മകവുമായ കലാസൃഷ്ടികൾ തന്റെ ആസ്വാദന നിലവാരം ഉയർത്തുമെന്നും അതിലൂടെ താൻ പരമമായ സുഖാനുഭവത്തിൽ എത്തി നില്ക്കും എന്ന്‌ ആസ്വാദകൻ സ്വപ്നം കാണുന്നു. ഈ സ്വാർഥമോഹമാണ്‌ ഏത്‌ നിരൂപണത്തിന്റെയും അത്മാവ്‌. അതല്ലാത്ത നിരൂപണമെല്ലാം ‘അഹം’ ത്തിന്റെ പെരുക്കൽ മാത്രം.

03 July 2011

ശ്രീ പത്മനാഭാ..


രാവിലെ ഉറക്കമെഴുന്നേറ്റ്‌ വന്നപ്പോൾ കണ്ടത്‌ വീട്ടിന്റെ വരാന്തയിൽ ഇട്ടിരുന്ന ചാരു കസേരയിൽ ചുരുണ്ടു കൂടി കിടന്നുറങ്ങുന്ന ശ്രീ പത്മനാഭനെയാണ്‌

തട്ടി ഉണർത്തി ചോദിച്ചു.

ഇതെന്താണപ്പാ ഇവിടെ ഇങ്ങനെ ?

ചുവന്നു വീങ്ങിയ കണ്ണുകൾ തിരുമി പത്മനാഭന്‍ പറഞ്ഞു:

ഒന്നും പറയണ്ട. ഒരാഴ്ച്ചയായി വീട്ടിന്റെ താഴ്ത്തെ നിലയിൽ ലവന്മാർ വന്ന്‌ തട്ടും മുട്ടും ബഹളവും. ചെവിയും തലയും കേൾക്കണ്ടാ. അനന്തൻ പള്ളും വിളിച്ച്‌ എങ്ങോട്ടോ ഇഴഞ്ഞ്‌ പോയി. ഞാനുമിങ്ങു പോന്നു.

അകത്തേക്ക്‌ നോക്കി ഞാൻ പറഞ്ഞു: “രണ്ട്‌ ചായ”.

02 July 2011

സുനാമി

ഒരു ജനതയുടെ സംസ്കാരത്തെ, പൈതൃകത്തെ, പാരമ്പര്യത്തെ മൂല്യനിർണ്ണയം ചെയ്യുന്നതിന്റെ മാനദണ്ഡം എന്തായിരിക്കണം? ദുരിതവും, വേദനയും അവർ എങ്ങനെ നേരിടുന്നു, അവയോട്‌ ഏതു രീതിയിൽ പ്രതികരിക്കുന്നു എന്നുള്ളതായിരിക്കണം അതിന്റെ മാനദണ്ഡം.

അച്ചടക്കത്തോടെ ആത്മസംയമനത്തോടെ സുനാമി എന്ന ദുരന്തത്തെ നേരിട്ട ജപ്പാൻ ജനത സമസ്ഥിതി പ്രാപിച്ച ഒരു സെൻ ഗുരുവിന്റെ ചിത്രം നമ്മുടെ മനസ്സിലുണർത്തുന്നു എങ്കിൽ അത്‌ ആ സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളുടെ പ്രതിഫലനമാവണം. 

15 June 2011

ലീല - കഥ (ഉണ്ണി. ആര്‍ )

നർമ്മത്തിൽ ചാലിച്ച്‌ ഉണ്ണി പറഞ്ഞ കുട്ടിയപ്പന്റെ ഭ്രാന്തമായ പ്രയാണത്തിന്റെ കഥ.

ജന്മനാ ഉള്ളതോ അല്ലെങ്കിൽ ലൈംഗിക ശേഷികുറവിന്റെ പാർശ്വഫലമോ - സങ്കീർണമായ മനസിക വൈകല്യത്തിനു അടിമയായി, വ്യത്യസ്തമായ രീതിയിൽ രതിസുഖം അനുഭവിക്കാൻ വേണ്ടി എങ്ങും തൊടാതെ പായുന്ന കുട്ടിയപ്പൻ. മനുഷ്യത്വം കൈമോശം വന്ന്‌ ലക്ഷ്മണ രേഖകൾ ഭേദിച്ചുകൊണ്ട്‌ സഞ്ചരിക്കുന്ന തങ്കപ്പൻ നായർ. ആത്മസത്തയെല്ലാം ഊറ്റിയെടുത്ത്‌ ഭോഗവസ്തുവാക്കപ്പെട്ട ലീല. ലീലയുടെ ജീവിതത്തിന്റെ നിർണ്ണായക വഴിതിരിവായി വരുന്ന ആന. ഈ കഥാപാത്രങ്ങളിലൂടെ, അവരുടെ മാനസിക വ്യാപാരങ്ങളിലൂടെ, സ്വഭാവ സവിശേഷതകളിലൂടെ ഉണ്ണി ഈ കഥയിൽ ഇന്നത്തെ കേരള സമൂഹത്തെ വളരെ തന്മയത്തത്തോടെ ഇഴ പിരിച്ചു വച്ചിരിക്കുന്നു.

മൃഗങ്ങൾക്ക്‌ മനുഷ്യമനസ്സിലെ ഭയം വായിച്ചെടുക്കൻ കഴിയുമെന്ന്‌ കേട്ടിട്ടുണ്ട്‌. ആനയെപോലെ ബുദ്ധികൂടിയ ജീവിക്ക്‌ ആ കഴിവ്‌ ഒന്നു രണ്ടു പടി കൂടി കടന്ന്‌ നിൽക്കണം. അതിന്‌ ഒരു പക്ഷെ മനുഷ്യമനസ്സിലെ സംഘർഷതലങ്ങളെ തിരിച്ചറിയാൻ കഴിയുമായിരിക്കാം. അതാവാം ഗജം കുട്ടിയപ്പനെ തൊടാതെ ലീലയെ തിരഞ്ഞെടുത്തത്‌. ലീലയുടെ ഒരു നോട്ടത്തിൽ, ആ ഒറ്റ നിമിഷാർത്ഥത്തിൽ, അവളുടെ ആത്മാവിന്റെ നൊമ്പരം മുഴുവൻ ആ ജീവി വായിച്ചെടുത്തു.   കാരുണ്യത്തോടെ അവളുടെ മോചനത്തിന്‌ അവസരമൊരുക്കിയത്‌ ശരീരം കൊണ്ടും മനസ്സുകൊണ്ടും മനുഷ്യനെക്കാൾ വളർന്ന ഗജം.

മനോഹരമായ കഥ ഉള്ളിൽ തട്ടുംവിധം പറഞ്ഞിരിക്കുന്നു. 
ഈ കഥ ചലചിത്രമാക്കുമ്പോൾ 
സംവിധയകൻ ഇതിനെ എല്ലാ ഭാവതീവ്രതയോടും കൂടി ആവിഷ്കരിക്കും എന്ന്‌ പ്രതീക്ഷിക്കാം.


12 June 2011

ചലചിത്രങ്ങൾ - 1

ചലചിത്രങ്ങൾ - ഇഷടപ്പെട്ടവയിൽ ചിലത്‌

Hindi
Dhobi ghat
Udaan
Black Friday
Satya
Theen diwaren
Paheli
HARISHCHANDRACHI FACTORY (മറാട്ടി)
Firaaq
Tahaan
Gandhi my father
The Making of Mahatma

മലയാളം ചലചിത്രങ്ങൾ:
പെരുമഴകാലം
താഴ്വാരം
തൂവാനതുമ്പികൾ
വൈശാലി
വടക്കുനോക്കിയന്ത്രം
കിരീടം 

കുട്ടി സ്രാങ്ക്‌
പാലേരിമാണിക്കം
ട്രാഫിക്‌

തമിഴ്‌
നായകൻ
ഇരുവർ
കണത്തിൽ മുത്തമിട്ടാൽ
വേദം പുതിത്‌
മുതൽ മരിയാതൈ 


വിദേശ ചലചിത്രങ്ങൾ:
Flame and Citron (Danish)
Lemon Tree (Israel)
Osama (Afghanistan)
The Sea Inside (Spain)
Biutiful (Spain)
City of God (Brazil)
Travellers and Magicians (Bhutan)
Che Part I, II
The Dancer Upstairs
Before Night Falls
The God Father I, II, III
Lust Caution
The Ghost and the Darkness

13 May 2011

mystical journey

With humility and love I accept
The precious Pearl of your mystical journey.
These are days of longing.
My heart ached,
And desired
Your mystical journey.
Then I heard,
A voice within, soft and melodious.
It was the voice of my Beloved.
It said:
One’s heart is
The mount Kailasa, in all its glory and majesty.
Go forth and climb.
On the top, the snow shall sooth your longing heart.
There my love,
You shall find Garden of flowers
Surrounded by pine and cedars,
Creek and vineyards.
My wine will quench your thirst,
My embrace will dissipate
Your longing.
Learn to ignore, the troubles and feelings
Arise with names and forms.
Come inside my arbor, into my embrace.
In the union with Absolute
You cease to exist as you

04 May 2011

ധോബി ഘട്ട്‌

പുതുമഴ പെയ്തു തോർന്ന ആകാശത്തിന്റെ നിർമ്മലതയുണ്ടായിരുന്നു കിരൺ റാവുവിന്റെ പ്രതിഭയിൽ വിരിഞ്ഞ ഈ ചിത്രത്തിന്‌

01 May 2011

‘ഞാൻ’ എന്ന സ്വാനുഭവം

ഉള്ളിലെ ‘ഞാൻ’ എന്ന സ്വാനുഭവം. അത്‌

എന്നിലും
നിന്നിലും
അവതാരമായ കൃഷണനിലും
ദൈവപുത്രനായ ക്രിസ്തുവിലും
ലോകം പിടിച്ചടക്കാൻ ഒരുമ്പിട്ട ഹിറ്റ്ലറിലും
അഹിംസയുടെ പ്രവാചകനായ ഗാന്ധിയിലും
ആകാശ വിതാനത്തിൽ പാറിപറക്കുന്ന പരുന്തിലും
കാടിളക്കി വാഴുന്ന സിംഹത്തിലും
പൊടിയോളം പോന്ന ഉറുമ്പിലും
കണ്ണിന്‌ ദൃശ്യമാവാത്ത അമീബയിലും

വ്യത്യാസമൊന്നും കൂടാതെ ഒരുപോലെ പ്രകാശിച്ചു നില്ക്കുന്നു.

ഈ വെളിച്ചം ഇല്ലെങ്കിൽ

നീയില്ല, ഞാനില്ല
കൃഷ്ണനില്ല, ക്രിസ്തുവില്ല
ഹിറ്റ്ലറില്ല, ഗാന്ധിയില്ല
പരുന്തില്ല, സിംഹമില്ല
ഉറുമ്പില്ല, അമീബയില്ല
വികാരങ്ങളും, വിചാരങ്ങളുമടങ്ങിയ മനസ്സില്ല
ഈ പ്രപഞ്ചമെന്ന അനുഭവമില്ല

ഞാൻ എന്ന വെളിച്ചം സകല ചരാചരങ്ങളെയും ഉള്ളതാക്കി നിർത്തുന്ന കേവല ഉണ്മയുടെ വെളിച്ചം.

ഈശ്വരനെ തിരഞ്ഞ്‌ എത്തിയവരോട്‌

ആര്യാവർത്തത്തിലെ ഋഷിമാർ പറഞ്ഞു: "തത്ത്വമസി - അത് നീ തന്നെ".

ഹൊറേബു പർവ്വതത്തിൽ ജ്വലിച്ചുയർന്ന അഗ്നി പറഞ്ഞു: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു”.

കബാല ദർശനങ്ങൾ പറഞ്ഞു: " കേവല ഉണ്മയെന്ന ആ വസ്തു തത്ത്വം ഒന്നൊഴിയാതെ എല്ലാത്തിനെയും പുണർന്നിരിക്കുന്നു. അതല്ലാതെ യഥാർത്ഥത്തിൽ ഇവിടെ മറ്റൊന്നും തന്നെ നിലവിലില്ല. അത്‌ എല്ലാത്തിന്റെയും അസ്തിത്വത്തിന്‌ കാരണമാകയാൽ അതിനെകൂടാതെ ഒന്നിനും സ്വന്തമായി നിലനിൽപ്പില്ല. അത്‌ എല്ലാത്തിനെയും ഉള്ളതാക്കിത്തീർക്കുന്നു. നിലനിൽപ്പിന്റെയെല്ലാം ഉണ്മ കേവല ഉണ്മയുടെതാണ്‌ ".

നാരായണഗുരുദേവൻ പറഞ്ഞു:
അറിയും മുൻപേതെന്നാ-
ലറിവില്ലാതൊന്നുമിങ്ങിരിപ്പീല;
അറിവറ്റതിതേതിരു-
ണ്ടറിവെന്നാലൊന്നുമിങ്ങുകാണ്മീല.

( ഈ പ്രപഞ്ചം ഇങ്ങനെ അറിയുന്നതിനു മുൻപ്‌ ഇതെന്തായിരുന്നു എന്നു ചോദിച്ചാൽ അറിവ്‌ (കേവല ഉണ്മ) ഇല്ലാതെ ഒന്നിനും നിലനിൽപ്പില്ല എന്നു ധരിക്കേണ്ടതാണ്‌. അറിവിൽ പെടാത്ത പദാർത്ഥം ഏതാണ്‌; അങ്ങനെയൊന്നില്ല. അറിവിന്‌ (ഉണ്മെയ്ക്ക്‌) അവസാനമുണ്ടെന്നു വന്നാൽ പിന്നെ ഒന്നുംതന്നെ കാണ്മാനുണ്ടാവില്ല ).


അതിനാൽ

" അറിവിലുമേറിയറിഞ്ഞിടുന്നവൻത -
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി -
ത്തെരുതെരെ വീണുവണങ്ങിയോതിടേണം ".

30 April 2011

കേവലാനുഭവം

മനസ്സിനുമപ്പുറം അഖണ്ഡവും സചിദാനന്ദവുമായ ഒരനുഭവം കാത്തിരിക്കുന്നു,
ആ അനുഭവം നിയോഗമാണ്‌.
ആ നിയോഗത്തെ തടഞ്ഞുകൊണ്ട്‌ മനസ്സ്‌ നിൽക്കുന്നു.
മനസ്സല്ലാതെ വേറെ ശത്രുവില്ല, വേറെ മിത്രവുമില്ല.
ഞാൻ മനസ്സിന്റെ കാരുണ്യത്തിന്‌ അടിമപ്പെട്ടിരിക്കുന്നു,
മനസ്സ്‌ എന്റെ കാരുണ്യത്തിനും അടിമപ്പെട്ടിരിക്കുന്നു.

25 April 2011

പ്രാകൃതികമായ അനിവാര്യത

പ്രാകൃതികമായ അനിവാര്യതയിലേക്ക്‌ നടന്നടുത്ത സായിബാബയുടെ ഭൗതിക ശരീരത്തെ രക്ഷിക്കാനുള്ള അനുയായി വൃന്ദത്തിന്റെ തത്രപാടു കാണുമ്പോൾ ഗുരൂപദേശത്തെ അവർ എത്രത്തോളം മനസ്സിലാക്കി എന്ന്‌ അനുമാനിക്കാം .

നിത്യചൈതന്യയതി ഒരിക്കൽ എഴുതി:
വിഷപാനത്തിലേക്ക്‌ നടന്നടുക്കുന്ന സോക്രട്ടീസിനെയും കാൽവരിയിലെ കുരിശിലേക്ക്‌ ആനയിക്കപ്പെടുന്ന ക്രിസ്തുവിനേയും രക്ഷിക്കുവാൻ സാപേക്ഷമൂല്യത്തെ സ്നേഹിക്കുന്നവർ കൊതിക്കുമ്പോൾ നിരപേക്ഷമായ സത്യത്താൽ ആകൃഷ്ടരായ സോക്രട്ടീസും യേശുക്രിസ്തുവും അവർ തെരെഞ്ഞെടുത്ത പാതകളിൽകൂടി നിർവ്വിശങ്കം മുന്നോട്ടു പോകുന്നു. അസത്യത്തിൽ നിന്നു പിന്തിരിയുന്ന ജീവിതവൈരാഗ്യത്തിന്റെ മാതൃകയാണ്‌ നാം ഇവരിൽ കാണുന്നത്‌.”

18 April 2011

ശ്രീ അടൂർ ഗോപാലകൃഷ്ണനോടൊപ്പം

2011 മാർച്ച്‌ 22: ‘നാലു പെണ്ണുങ്ങൾ’ എന്ന ചലചിത്രത്തിന്റെ പ്രദർശനത്തിനുശേഷം അല്പസമയം ശ്രീ അടൂർ ഗോപാലകൃഷ്ണനോടൊപ്പം. 

( ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യം. എന്നാൽ മറ്റൊരു ചോദ്യത്തിനുത്തരമായി ശ്രീ അടൂർ ഇതിനു മറുപടി പറഞ്ഞു )
അങ്ങയുടെ ചില സിനിമകളുടെ ഇതിവൃത്തം മറഞ്ഞുപോയ / കഴിഞ്ഞു പോയ കാലഘട്ടത്തിലേതാണ്‌. ഉദാഹരണമായി നിഴൽക്കൂത്ത്‌, ഇന്നു പ്രദശിപ്പിച്ച നാല്‌ പെണ്ണുങ്ങൾ. ഈ ചലചിത്രങ്ങളിലൂടെ ഏതു തരം ആസ്വാദനാനുഭവമാണ്‌ അങ്ങ്‌ ഉദ്ദേശിക്കുന്നത്‌? കാലഘട്ടങ്ങൾക്കപ്പുറം സ്ഥായിയായി നില്ക്കുന്ന മനുഷ്യന്റെ അവസ്ഥകളുടെ അനുഭവമാണോ അതോ ആ അവസ്ഥകളുടെ ചരിത്രപരമായ വിശകലനമാണോ?

ഞാൻ പറഞ്ഞ ഈ കഥകൾ പലതും ഈ കാലഘട്ടത്തിലും പ്രസക്തം തന്നെയാണ്‌. ശ്രദ്ധിച്ചുവെങ്കിൽ ഒരു കാര്യം വ്യക്തമാകും. ഇതിലെ സ്ത്രീ കഥാപാത്രങ്ങളാരും തന്നെ ബലഹീനരല്ല. വിധിയെ പഴിച്ച്‌ കണ്ണീരൊഴുക്കി ജീവിക്കാതെ, ദൃഢമായി തങ്ങളുടെ തീരുമാനങ്ങളിൽ ഉറച്ചു നിന്നു കൊണ്ട്‌ ഇവർ ജീവിതത്തിലെ സന്ദിഗ്ധ ഘട്ടങ്ങളെ ധൈര്യപൂർവ്വം നേരിടുന്നു.

അങ്ങയുടെ ചലചിത്രങ്ങളിൽ camera വളരെ static-ആയി നില്ക്കുന്നതാണനുഭവം. കഥാപാത്രങ്ങൾ frame-ൽ കയറി വന്നു പോകുന്നു (ഒരു പക്ഷെ എന്റെ തോന്നലാകാം). എന്താണ്‌ അതിന്റെ പിന്നിലുള്ള സങ്കല്പം? 

അ നിരീക്ഷണം ശരിയല്ല. ഈ സിനിമയിൽ ക്യാമറ ഒരിക്കലും static ആയി നിന്നിട്ടില്ല. നിങ്ങൾ ക്യാമറയുടെ ചലനങ്ങളിൽ മാത്രം ശ്രദ്ധിച്ചു ഇരിക്കുകയായിരുന്നു എങ്കിൽ അതിനർത്ഥം നിങ്ങൾ സിനിമ കാണാൻ ശ്രമിച്ചില്ല എന്നാണ്‌. ക്യാമറ പ്രേക്ഷകനെ സംബന്ധിച്ച്‌ അദൃശ്യമായി നിൽക്കണം. പ്രേക്ഷകന്റെ ശ്രദ്ധ ക്യാമറയുടെ ചലനങ്ങളുടെ പിന്നാലേ പോയാൽ ഒരു സംവിധായകൻ കഥ പറയുന്നതിൽ പരാജയപ്പെട്ടു എന്നു ഞാൻ കരുതും. ക്യാമറ ഉപയോഗിച്ച്‌ ദ്രുത ഗതിയിലും വെട്ടിതിരിച്ചും ഉള്ള ചിത്രീകരണ ശൈലി ഞാൻ ഇഷ്ടപ്പെടുന്നില്ല.

അങ്ങയുടെ അഭിപ്രായത്തിൽ എങ്ങനെ ആയിരിക്കണം ഒരു ചലചിത്രം. അത്‌ പ്രേക്ഷകനിൽ ഏതു തരം അനുഭവമായിരിക്കണം പ്രദാനം ചെയ്യേണ്ടത്‌ ?

സിനിമയ്ക്ക്‌ പ്രേക്ഷകനിൽ ഏതെങ്കിലും തരത്തിൽ പോസിറ്റീവായ ഒരു തിരിച്ചറിവ്‌ പ്രദാനം ചെയ്യുവാൻ കഴിയണം. മുൻധാരണകളുടെ മതിൽകെട്ടിനിള്ളിലോ അല്ലെങ്കിൽ ഉള്ളിൽ അവ്യക്തമായി കിടക്കുന്ന ചിന്തകൾക്കിടയിലോ, എവിടെയെങ്കിലും, എന്തുകാരണത്താലോ മറഞ്ഞു കിടന്ന ഒരു മൂല്യം - വ്യക്തിപരമാകാം, സാമൂഹ്യപരമാകാം അതുമല്ലെങ്കിൽ കലാപരമായതാകാം - ചലചിത്രത്തിന്‌ പ്രേക്ഷകനിലേക്ക്‌ അനാവരണം ചെയ്യാൻ കഴിഞ്ഞാൽ, പ്രേക്ഷകനത്‌ തിരിച്ചറിയാൻ കഴിഞ്ഞാൽ, സിനിമ അതിന്റെ ദൃശ്യാനുഭവ ലക്ഷ്യം സാധിച്ചുവെന്ന്‌ ഞാൻ കരുതും.