15 October 2011

കലയുടെ മൗലിക ധർമ്മം

“കലാകാരന്മാർക്ക്‌ സംഘടന പാടില്ല. അത്‌ ആവിഷ്കാരസ്വാതന്ത്രിയത്തെ നശിപ്പിക്കും. സമൂഹികതിന്മകൾക്കെതിരെ പോരാടാനുള്ള ആയുധമാണ്‌ കല.” - ശ്രീ തിലകൻ

ഇവിടെ മനസ്സില്‍ ഉദിച്ച ഒരു ചോദ്യം: സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പോരാട്ടമാണോ കലയുടെ മൌലികമായ ധർമ്മം ? 


കലയെ ഒരായുധമാക്കാം. ശരിതന്നെ. കമ്മ്യൂണിസ്റ്റു പാർട്ടിയെപോലുള്ള ജനമുന്നേറ്റ പ്രസ്ഥാനങ്ങൾ അങ്ങനെ ചെയ്തിട്ടുമുണ്ട്‌. കലാകാരനൊരിക്കലും സമൂഹത്തിൽ നിന്നുമകന്ന്‌ മാറി നില്ക്കാൻ സാദ്ധ്യമല്ല. അതിനാല്‍ തന്നെ അവൻ സാമൂഹ്യപ്രതിബദ്ധത ഉള്ളവനുമാണ്‌. പക്ഷെ ഈ പറഞ്ഞതൊന്നും തന്നെ കലയുടെ മൗലിക ധർമ്മത്തെ “സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പോരാടാനുള്ള ആയുധം” എന്ന നിർവചനത്തിലെത്തിക്കാൻ പര്യാപ്തമല്ല.

ആനന്ദ കുമാരസ്വാമി പറയുന്നു: “കലയുടെ ലക്ഷ്യം ശിക്ഷണമല്ല”. കലാകാരനുണ്ടാകുന്ന സൗന്ദര്യാവബോധം. തുടർന്ന്‌ അതിന്റെ ആന്തരിക പ്രകടനം അഥവാ സൗന്ദര്യദർശനം. സൗന്ദര്യദർശനമാണ്‌ കല. അതിന്റെ ബാഹ്യരൂപപ്രകടനമാണ്‌ കലസൃഷ്ടി. “മനസ്സ്‌ എവിടെയല്ലാം ഉടക്കുന്നോ അവിടെയെല്ലാം കാണുന്ന സൗന്ദര്യമാണ്‌ കലാകാരൻ പ്രകാശിപ്പിക്കുന്നത്‌”.

എന്താണ്‌ “സൗന്ദര്യം” എന്ന വാക്ക്‌ കൊണ്ടിവിടെ വിവക്ഷിക്കപ്പെടുന്നത്‌ എന്ന് വ്യക്തമായി ധരിക്കണം. ഈ ലോകത്തിന്റെ രൂപരഹിതവും ആജ്ഞേയവുമായ യാഥാർത്ഥ്യമാണ്‌ കലാകാരൻ അനുഭവിക്കുന്ന സൗന്ദര്യം. “പ്രേമം കാമുകൻ അനുഭവിക്കുന്ന യാഥാർത്ഥ്യവും, സത്യം ജ്ഞാനി അനുഭവിക്കുന്ന യാഥാർത്ഥ്യവും, സൗന്ദര്യം കലാകാരൻ അനുഭവിക്കുന്ന യാഥാർത്ഥ്യവുമാണ്‌”.

അതിനാൽ കലയുടെ മൗലിക ധര്‍മ്മത്തെ സംബന്ധിച്ചടത്തോളം "രസാസ്വാദനം അഥവാ സൗന്ദര്യാനുഭൂതി" എന്ന നിർവചനമാണ്‌ കുറേകൂടെ ശരി.

No comments:

Post a Comment