25 September 2011

ഏദൻ തോട്ടം

ദ്വൈത ജ്ഞാനത്തിന്റെ മരം ചൂണ്ടി കാട്ടി ദൈവം മനുഷ്യനോട്‌ പറഞ്ഞു: “നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം നീ തിന്നരുത്‌. തിന്നുന്ന നാളിൽ നീ മരിക്കും”.

അദ്വൈത ബോധ തലത്തിൽ നിന്നും മനസ്സ്‌ ദ്വൈത ബോധ തലത്തിലേക്ക്‌ ഇറങ്ങിവരുമ്പോൾ മനുഷ്യന്‌ നഷ്ടമാകുന്ന ആനന്ദാവസ്ഥ. ഈ അവസ്ഥ യഹൂദരുടെ തോറയിൽ വളരെ മനോഹരമായി ഒരു കഥയായി പറഞ്ഞിരിക്കുന്നു. ഏദൻ തോട്ടത്തിലെ ദ്വൈത ജ്ഞാനത്തിന്റെ കനി തിന്നുന്നതു വരെ ആദം ഹവ്വയിലെ സ്ത്രീയെ കണ്ടിരുന്നില്ല; ഹവ്വ ആദാമിലെ പുരുഷനെയും . ഒന്നിനെ രണ്ടായി കാണാൻ തുടങ്ങിയപ്പോൾ അവനും അവൾക്കും നാണം എന്ന വികാരം ആദ്യമായി തോന്നി. സങ്കല്പങ്ങൾ പെരുകി. രാഗങ്ങൾ, ദ്വേഷങ്ങൾ വരിഞ്ഞു മുറുകി. തന്നെയും ലോകത്തെയും രണ്ടായി കാണാൻ പ്രലോഭിതമായ മനുഷ്യ മനസ്സ്‌ ആനന്ദത്തിൽ നിന്നും ദുഃഖത്തിന്റെ കയത്തിലേക്ക്‌ എറിയപ്പെട്ടു - മനുഷ്യൻ ഏദൻ തോട്ടത്തിൽ നിന്നും പുറത്തായി. മനോഹരമായ കഥ.

പിന്നീട്‌ ആ സർപ്പബുദ്ധിയുടെ(അവ്യവസായിനാം ബുദ്ധയഃ)സ്വാധീനത്തിൽ പെടാതെ പോയവർ ചുറ്റുമുള്ളവരെ ഇതു പലപ്പോഴായി ഓർമ്മിപ്പിച്ചു.

“ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടൽ ബത, മിണ്ടാവതല്ല മമ” - എന്ന്‌ തുഞ്ചത്താചാര്യനും

നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും - എന്ന്‌ നാരായണ ഗുരുദേവനും

ചിന്തിച്ചിതു ധരിക്കേണം പലതില്ലിവിടല്പവും
മരണത്തീന്നു മരണം പൂകും പലതു കാണുവോൻ - എന്ന്‌ ഋഷിയും പറഞ്ഞു.

എന്നാൽ സ്വയം ദുഃഖിക്കാൻ പ്രതിജ്ഞ ചൊല്ലി അവതാരം ചെയ്തിരിക്കുന്ന മനുഷ്യൻ ഇത്‌ എപ്പോഴും മറന്നു.

No comments:

Post a Comment