ദ്വീപിൽ ജനിച്ചു വളർന്നതുകൊണ്ട് “ദ്വൈപായനൻ“ എന്ന പേരുണ്ടായി. വേദമെല്ലാം പകുത്ത്
വിസ്തരിച്ചതുകൊണ്ട് “വ്യാസൻ“ എന്ന പേരും ലഭിച്ചു. വിചിത്രവീര്യന്റെ ഭാര്യമാരിൽ ധൃതരാഷ്ട്രർ, പാണ്ഡു, വിദുരർ എന്നിവർക്ക് ജന്മം
നൽകി അവരുടെ പിതാവായും, കൌരവ പാണ്ഡവരുടെ പിതാമഹനായും വ്യാസൻ കഥയിൽ പ്രത്യക്ഷപ്പെടുന്നു. ഒരേ സമയം കഥാകാരനും കഥാപാത്രവുമായി നിൽക്കുവേ തന്നെ
കഥയിലുടനീളം ഒരു കഥാകാരന്റെ വിട്ടുവീഴ്ച്ചയില്ലാത്ത
നിഷ്പക്ഷത വ്യാസൻ പുലർത്തിയിട്ടുമുണ്ട്..
പരീഷിത്തിന്റെ പുത്രനായ
ജനമേജയൻ നടത്തിയ സർപ്പസത്രത്തിൽ വ്യാസ ശിഷ്യനായ വൈശമ്പായനൻ മഹാഭാരത കഥ പറഞ്ഞു. അവിടെവെച്ചാണ്
സൂതപുത്രനായ ഉഗ്രശ്രവസ്സ് മഹാഭാരത കഥ കേട്ട് ഗ്രഹിച്ചത്. ക്ഷത്രിയന് ബ്രാഹ്ണസ്ത്രീയിൽ ജനിച്ച സന്തതിപരമ്പരയണ് സൂത
വംശം. പിന്നീട് നൈമിഷാരണ്യത്തിൽ കുലപതിയായ ശൌനകന്റെ സത്രത്തിൽ പങ്കെടുക്കാനത്തിയ മഹർഷിമാരുടെ
ആഗ്രഹപ്രകാരം ഉഗ്രശ്രവസ്സ് മഹാഭാരത കഥ പറയുന്നു.
മനുഷ്യമനസ്സിന്റെ ഒട്ടുമിക്ക
ഭാവങ്ങളും അവയുടെ വിവിധ പരിണാമങ്ങളും മനുഷ്യനുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രപഞ്ചഘടകങ്ങളിൽ
അവയുളവാക്കുന്ന അനന്തരഫലങ്ങളും വ്യാസന്റെ തൂലിക വിഷയമാക്കി. മഹാഭാരത കഥ മനുഷ്യന്റെ
കഥയാണ്. എക്കാലത്തേയും മനുഷ്യഭാവങ്ങളുടെ കഥയാണ്. ദേവനിലേയും അസുരനിലേയും അമാനുഷികതയുടെ
പുറംതോട് മാറ്റിയാൽ മനുഷ്യ ഭാവം തന്നെ അവിടെയും. രാഗദ്വേഷകലുഷമായ ജീവിതം കാര്യമായ
വ്യത്യാസങ്ങളൊന്നും ഇല്ലാതെ മനുഷ്യ- സ്വർഗ്ഗ- അസുര ലോകങ്ങളിൽ സമമായി പ്രവഹിക്കുന്നു.
അധികാരം മദം മാത്സര്യം ഭയം അസൂയ വീര്യം കാമം
വഞ്ചന പ്രേമം പൌരുഷം പ്രതികാരം എല്ലാം എല്ലാം ഇവിടെയും അവിടെയും തുല്യം. ‘ഞാൻ‘ ‘നീ‘ എന്ന ദ്വൈത ഭാവമുള്ളടത്തോളം ഇവിടെയുള്ളതേ
അവിടെയും ഉള്ളൂ എന്ന് വ്യാസൻ ഉറപ്പിച്ച് പറയുന്നു. അനിയന്ത്രിതവും നിരപേക്ഷവുമായ സ്വാതന്ത്രിയം ഈ രണ്ടു
ലോകത്തും ആർക്കും എവിടേയും ഇല്ല. സമ്പത്തും പദവിയും ക്ഷേമാഐശ്വര്യങ്ങളുമൊക്കെ ഇരുവരുടെയും
കാര്യത്തിൽ പുൽക്കൊടിതുമ്പിൽ വിറച്ചു നിൽക്കുന്ന ഹിമകണം പോലെ ചഞ്ചലം. രാഷ്ട്രീയ മാറ്റങ്ങൾ
ഭൂമിയിലെ പോലെ തന്നെ പരലോകത്തും. ഏതെങ്കിലും ഒരു മുനി ആഞ്ഞു തുമ്മിയാൽ തെറിക്കുന്ന
ഉറപ്പേയുള്ളൂ ദേവേന്ദ്രന്റെ കസേരക്ക്.... കാലം മുൻപിൽ കൊണ്ടിടുന്ന സമസ്യകൾക്ക് പലപ്പോഴും
പരിഹാരം കാണാനാവാതെ കുഴങ്ങി നിൽക്കുന്ന ശക്തരായ
ബ്രഹ്മവിഷ്ണുമഹേശ്വരന്മാർ. അമൃത് നുണഞ്ഞ് ചിരംജീവികളായി വിലസുന്ന ത്രിമൂർത്തികളുൾപ്പെടെയുള്ള
ദൈവങ്ങളെ പോലും ഇല്ലാതാക്കുന്ന കല്പാന്ത പ്രളയം. സ്വരക്ഷയ്ക്ക് പോലും പ്രാപ്തരല്ലാത്ത
ദൈവങ്ങളെ പ്രീതിപ്പെടുത്താൻ ഹോമാഗ്നി ജ്വലിപ്പിക്കുന്ന മനുഷ്യർ.
മനുഷ്യന്റെ യുക്തിരഹിതമായ വിശ്വാസങ്ങളെ, പ്രത്യേകിചും അന്ധമായ ഈശ്വരവിശ്വാസത്തെ, പ്രത്യക്ഷമായും പരോക്ഷമായും പരിഹാസ വിഷയമാക്കിയിട്ടുണ്ട് വ്യാസൻ തന്റെ കൃതികളിൽ. ഭീകരമായ കൌരവപാണ്ഡവ യുദ്ധം അവസാനിച്ചു. മരണം കാത്ത് കിടക്കുന്ന ഭീഷ്മപിതാമഹനെ കൃഷ്ണാർജ്ജുനഭീമാദികളോടൊപ്പം ചെന്നു കണ്ട ധർമ്മപുത്രരോട് നിറകണ്ണുകളോടെ ഭീഷ്മർ ചോദിക്കുന്നു:
മനുഷ്യന്റെ യുക്തിരഹിതമായ വിശ്വാസങ്ങളെ, പ്രത്യേകിചും അന്ധമായ ഈശ്വരവിശ്വാസത്തെ, പ്രത്യക്ഷമായും പരോക്ഷമായും പരിഹാസ വിഷയമാക്കിയിട്ടുണ്ട് വ്യാസൻ തന്റെ കൃതികളിൽ. ഭീകരമായ കൌരവപാണ്ഡവ യുദ്ധം അവസാനിച്ചു. മരണം കാത്ത് കിടക്കുന്ന ഭീഷ്മപിതാമഹനെ കൃഷ്ണാർജ്ജുനഭീമാദികളോടൊപ്പം ചെന്നു കണ്ട ധർമ്മപുത്രരോട് നിറകണ്ണുകളോടെ ഭീഷ്മർ ചോദിക്കുന്നു:
“ഹോ കഷ്ടം! നീയാണെങ്കിൽ
ധർമ്മത്തെ വിട്ട് സഞ്ചരിക്കാത്ത മനുഷ്യൻ. ആളും അർത്ഥവും അധികാരവും പ്രാതാപവും ലോകത്ത്
ആരിലും കവിഞ്ഞ് നിനക്കുണ്ട്. എന്തിനും പോന്ന ശക്തരായ ഭീമാർജ്ജുനന്മാർ നിന്റെ അനുജന്മാർ.
ഗാണ്ഡീവം, ബ്രഹ്മാസ്ത്രം തുടങ്ങി ശക്തമായ ആയുധശേഖരത്തോടുകൂടിയ സൈന്യബലം. പോരാത്തതിന്
സാക്ഷാൽ ഈശ്വരനായ ശ്രീകൃഷണൻ നിന്റെ ഉറ്റ സുഹൃത്ത്.. എന്നിട്ടും കുഞ്ഞേ ആപത്തും ദുഃഖവും കഷ്ടനഷ്ടങ്ങളുമല്ലാതെ
നിനക്ക് ജീവിതത്തിൽ മറ്റെന്തുണ്ടായിട്ടുണ്ട്?“ (മ. ഭാഗ. പ്രഥമസ്കന്ധം 9:11-15)
ഈ പ്രപഞ്ചത്തിൽ ഒന്നും
അരുടേയും, ഒരീശ്വരന്റേയും പൂർണ്ണ നിയന്ത്രണത്തിലല്ല എന്ന് വ്യാസൻ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.
വ്യാസൻ വരച്ചു കാണിച്ച പൂർണ്ണവതാരമായ ശ്രീകൃഷ്ണന്റെ ജീവിതം ഒന്ന് നിരീക്ഷിച്ചാൽ ആർക്കും
ഇത് ബോധ്യമാകും. ചിന്തിച്ചുനോക്കിയാൽ ഈശ്വരനായ ശ്രീകൃഷ്ണൻ ആരെ രക്ഷിച്ചിട്ടുണ്ട് ? പണസഹായം
( (കുചേലൻ) വൈദ്യ സഹായം (സുധാമ) തുടങ്ങി മറ്റ് അല്ലറ ചില്ലറ സഹായങ്ങളൊഴിച്ചാൽ കാര്യമാത്ര പ്രസക്തമായി ആരെയും ഭഗവാൻ രക്ഷച്ചതായി
വ്യാസൻ പറയുന്നില്ല. (ദ്രൌപതിയുടെ വസ്ത്രാപേക്ഷ കഥയിലെ അഴിക്കുന്തോറുംതൽസ്ഥാനത്ത് വീണ്ടും വസ്ത്രമുണ്ടായിക്കൊണ്ടിരിക്കുന്ന കൃഷ്ണന്റെ അത്ഭുത കഥയും, അക്ഷയപാത്രത്തിന്റെ പേരിലുള്ള
ദുർവ്വാസഃ കഥയും പ്രക്ഷിപ്തമാണ്). മറിച്ച് ദുരന്തങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു ശ്രീകൃഷ്ണന്റെ
ജീവിതം. രക്തരൂക്ഷിതമായിരുന്നു ആ ജനനം. ജനിക്കുന്നതിനു മുൻപും ജനിച്ചതിനു ശേഷവും ശ്രീകൃഷ്ണന്റെ
പേരിൽ അനേകം പിഞ്ചുകുട്ടികൾ ക്രൂരമായി കൊല്ലപ്പെട്ടു. അച്ഛനമ്മമാർ കഠിന തടവിൽ. അനാഥമായ
ബാല്യം. ബാല്യകാലത്തു പലപ്പോഴായി നേരിട്ട രഹസ്യമായ വധശ്രമങ്ങൾ. മുതിർന്ന് കുടുംബഭാരമേറ്റപ്പോൾ
സ്ത്രീ വിഷയത്തിൽ സ്വന്തം പുത്രന്റെ കൈയ്യിലിരിപ്പ് കൊണ്ടുള്ള അപമാനം. കൊലപാതകം രത്നമോഷണം തുടങ്ങിയ ചെയ്യാത്ത കുറ്റാരോപണങ്ങളാലുള്ള
ദുഷ്കീർത്തി നാട്ടിൽ വേറെ. രാജ്യം ലഭ്യമായപ്പോഴോ ശക്തനായ ജരാസന്ധന്റെ ആക്രമണം പേടിച്ച്
രാജ്യം വിട്ട് കുറേ നാൾ കാട്ടിലും മലയിലും ഗുഹയിലും കഷ്ടപ്പെട്ട് ഒളിവിൽ കഴിയേണ്ടിയും
വന്നു.
പിന്നെ ആരെ രക്ഷിച്ചു
ഭഗവാൻ ? ബന്ധുക്കളായ കുരുപാണ്ഡവരെയോ ?പതിനെട്ട് അക്ഷൌണി പടയുമായി തുടങ്ങിയ യുദ്ധം അവസാനിച്ചപ്പോൾ
ശേഷിച്ചത് പത്തുപേർ. കൌരവപാണ്ഡവരുടെ സന്തതികളിൽ ഒരാൾ പോലും അവശേഷിച്ചില്ല. ശ്രീകൃഷ്ണന്റെ
സ്വന്തം കുടുംബത്തിന്റെ അന്ത്യം ഇതിലും ഭീകരം. ബന്ധുക്കളും മക്കളും മദ്യപിച്ച് മദമത്തരായി
വഴക്കിട്ട് പരസ്പരം വെട്ടിയും തല്ലിയും കൊന്നു. സ്വന്തം മക്കളുൾപ്പെടെ യദുക്കളുടെ
വഴിവിട്ടുള്ള ജീവിതരീതികളും, മദ്യപാനവും തമ്മിലടിയും മൂലം രാജ്യം നശിച്ചത് തടയാനാകാതെ
ശ്രീകൃഷ്ണനും ജേഷ്ഠൻ ബലരാമനും രാജ്യം ഉപേക്ഷിച്ച് കാനനം പൂകി. ആടുത്ത് തന്നെ ജേഷ്ഠൻ
മരിച്ചു. ഒറ്റയ്ക്ക് ചിന്താമഗ്നനായി കാട്ടിൽ അലഞ്ഞു നടന്ന പൂർണ്ണാവതാരമായ ശ്രീകൃഷണന്റെ
ജീവിതം ഒടുവിൽ ഒരു മലവേടന്റെ ശരമുനയിൽ അവസാനിച്ചു. കാനനത്തിൽ അനാഥമായി കിടന്ന രാമകൃഷ്ണന്മാരുടെ
മൃതശരീരങ്ങൾ തിരഞ്ഞ് കണ്ടുപിടിച്ച് സംസ്കരിക്കൻ കഴിഞ്ഞതു പോലും ദിവസങ്ങൾ കഴിഞ്ഞു
മാത്രം. ജനനം കൽതുറിങ്കിലും, അന്ത്യം കൊടുങ്കാട്ടിലുമായി ആ ജീവിതം തീർന്നു. രാജ്യം
കടൽ വിഴുങ്ങി. ഭർത്താവും, കുട്ടികളും, വീടും, രാജ്യവും നഷ്ടപ്പെട്ട് അഭയാർഥികളായിത്തീർന്ന ശ്രീകൃഷ്ണന്റെ
ഭാര്യമാരിൽ സുന്ദരികളായവരെ മാത്രം തിരഞ്ഞുപിടിച്ച് കൊള്ളക്കാർ തട്ടിക്കോണ്ടുപോയി.
ശേഷിച്ചത് കുറച്ച് വൃദ്ധകളും കുട്ടികളും
മാത്രം. ശ്രീകൃഷ്ണന്റെ വംശം വേരറ്റു.
വ്യാസൻ ഒരു കാര്യം സൂര്യതുല്യമായ
വ്യക്തതയോടെ പറയുന്നു: പുറമേയുള്ള ഒരീശ്വരനും നമ്മെ ശിക്ഷിക്കാനോ രക്ഷിക്കാനോ കഴിയില്ല.
കാലപ്രചോദിതമായി സകലതും സംഭവിക്കുന്നു. കാലത്തെ അതിക്രമിക്കാൻ ആർക്കും സാദ്ധ്യമല്ല;
പിടിച്ചുനിർത്താനും ആർക്കും കഴിയില്ല. ഇവിടെ മനസ്സ് പതറാതെ ഇളകാതെ കഴിവിനൊത്തവിധം
ചെയ്യാനുള്ളത് ചെയ്തിട്ട് പിന്മാറുക. ഇതിൽ കവിഞ്ഞ് ഇവിടെ ഈ പ്രപഞ്ചത്തിൽ മനുഷ്യർക്കോ
ദൈവങ്ങളുൾപ്പെടെയുള്ള അമാനുഷർക്കോ ഒന്നും തന്നെ സാദ്ധ്യമല്ല.
പ്രപഞ്ചജീവിതത്തിന്റെ
ഉത്തരം കിട്ടാത്ത ഒട്ടുമിക്ക സമസ്യകളിലൂടെ മഹാഭാരതം കഥ പറഞ്ഞു പോകുന്നു. ഒരു യുക്തിക്കും വഴങ്ങാത്ത വൈരുദ്ധ്യങ്ങൾ നിറഞ്ഞ
ലോക ജീവിതത്തിൽ മനുഷ്യൻ മോഹപരവശനായി ദുഃഖിക്കാൻ പ്രതിജ്ഞ എടുത്ത് വന്നതുപോലെ പെരുമാറുന്ന പല കഥാസന്ദർഭങ്ങളിലും വ്യാസന്റെ നിശ്ശബ്ദമായ ചിരി
നമ്മുക്ക് കേൾക്കാം.
പക്ഷെ ഇതൊന്നും മഹാഭാരതം
അമർചിത്ര കഥയോ മഹാഭാരതം എന്ന പേരിൽ അച്ചടിച്ചിറങ്ങുന്ന സംഗ്രഹ പുസ്തകങ്ങളോ വായിച്ചാൽ
നമ്മുക്ക് കിട്ടില്ല. അതിലെ ആത്മാവ് അപഹരിക്കപ്പെട്ട ജീവനില്ലാത്ത കഥയും, കേവലം വരകളിലൊതുങ്ങുന്ന അസ്ഥിപഞ്ചരങ്ങളായ കഥാപാത്രങ്ങളും
കണ്ട് നാം “ഞാൻ മഹാഭാരതം വായിച്ചു” എന്ന കൃതാർത്ഥതയോടെ പുസ്തകം അടച്ചു വയ്ക്കുന്നു. അതുകൊണ്ടു തന്നെ പിന്നീട് എപ്പോഴെങ്കിലും വ്യാസ
മഹാഭാരതം സമ്പൂർണ്ണമായി കൈയ്യിൽ കിട്ടിയാലും നാം ഒരു പുനർവായനയ്ക്ക് മെനക്കെടാറില്ല.
കാക്കപൊന്നു് രത്നമാണെന്നു് വിശ്വസിച്ച് നാം കൊണ്ടു നടക്കും.

Madhu, wonderful write up. Great summary!
ReplyDelete