26 March 2011

വയലാറിന്റെ വരികൾ

MSI / MMdbയും Indulekha.comഉം ചേർന്ന്‌ നടത്തിയ ഓർമയിലൊരീണം ഗാനാസ്വാദന മത്സരത്തിൽ രണ്ടാം സമ്മാനം കിട്ടിയ എന്റെ ലേഖനം.

 വയലാറിന്റെ വരികൾ...
പ്രതിഭകൾ കാലത്തിന്റെ സൃഷ്ടിയാണ്‌. കാലഗതിയിൽ പ്രപഞ്ച ചക്രം തിരിയുമ്പോൾ കാലഘട്ടത്തിനനുസരിച്ചുള്ള പ്രതിഭകൾ, ദാർശനികർ, കലാകാരന്മാർ, ജനനേതാക്കൾ ഇവർ ഉദിച്ചു മറയുന്നു. അവർ മറഞ്ഞാലും അവരുയർത്തിയ പ്രതിധ്വനികൾ പിന്നിടുള്ള തലമുറകളെ പ്രചോദിപ്പിക്കും പ്രകമ്പനം കൊള്ളിക്കും.

മാനുഷിക സമൂഹ്യ മൂല്യങ്ങളുടെ ആദ്യപാഠങ്ങൾ എനിക്ക്‌ ചൊല്ലിത്തന്നത്‌ ശ്രീ വയലാർ രാമവർമ്മയാണെന്നു ഞാൻ പറയുമ്പോൾ അതിൽ ഒട്ടും അതിശയോക്തിയില്ല-അദ്ദേഹത്തെ നേരിട്ട്‌ ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിൽ കൂടിയും. വയലാർ എന്ന കവി തന്റെ വരികളിൽ കൂടി പകർന്നു നല്കിയ ഉൾക്കാഴ്ച്ച ഞാൻ പരീക്ഷ ജയിക്കാൻ പഠിച്ച ഏതു പാഠപുസ്ത്കത്തിനും നല്കാൻ കഴിയുമായിരുന്നതിനും അപ്പുറമായിരുന്നു.

ദാർശനികനായ കവിയുടെ വരികളിൽ പ്രപഞ്ചസത്യം മുഴുവൻ ഒളിഞ്ഞിരിക്കുന്നു. ഉള്ളിൽ പടർന്നു പന്തലിച്ച്‌ നില്ക്കുന്ന മുൻധാരണകൾ അവയ്ക്കു മുന്നിൽ കടപുഴകാൻ നിമിഷങ്ങൾ വേണ്ട. മുതിർന്നവർ അജ്ഞാനതിമിരത്താൽ വിളിച്ചുപറഞ്ഞു നടന്നത്‌ ബാലനായ ഞാനും ഏറ്റുചൊല്ലുകയായിരുന്നു: ശിവഗിരിയിലെ നാണുഗുരുവിനെ പറ്റി ഏതെങ്കിലും സദസ്സിൽ പരാമർശം വന്നപ്പോഴൊക്കെ ഞാനും പരിഹാസചുവയോടെ ഉച്ചത്തിൽ പറഞ്ഞു “സിമന്റ്‌ നാണു”. അന്ന്‌ സ്കൂളിൽ ഞാൻ പഠിച്ച ഒരു സമൂഹ്യ പാഠപുസ്തകത്തിനും, പഠിപ്പിച്ച ഒരദ്ധ്യാപകനും എന്റെ മനസ്സിലുറച്ച സിമന്റ് നാണുവിന്റെ പ്രതിമ ഇളക്കാൻ കഴിഞ്ഞില്ല. അരക്കിട്ട്‌ ഉറപ്പിച്ചതിനു സമം അത്‌ ഉറച്ചിരുന്നു - റേഡിയോയിൽകൂടി ഒരു ദിവസം ഒഴുകി വന്ന “ഗുരുദേവ ഗുരുദേവ” എന്ന ഗാനം കേൾക്കുന്ന നിമിഷം വരെ. ആ ഗാനം അവസാനിച്ചപ്പോൾ വയലാർ രാമവർമ എന്റെ മനസ്സിൽ നിന്നും സിമന്റ്‌ നാണുവിനെ ഇളക്കിയെറിഞ്ഞ്‌ ഗുരുദേവനെ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു. ആ ഗാനം ഗുരുദേവൻ എന്ന അത്ഭുത പ്രതിഭാസത്തെ, ആ അമനുഷിക വ്യക്തിത്വത്തെ ആരാധനാപൂർവ്വം സമീപിക്കാനും ആ വചനാമൃതഗംഗ അല്പമെങ്കിലും നുകരാനുമുള്ള നിമിത്തമായി ഭവിച്ചു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള വ്യത്യാസം എന്നത്‌ മോഹബദ്ധമായ മനസ്സിന്റെ വസ്തുസത്തയില്ലാത്ത ഒരു സങ്കല്പം മാത്രം എന്ന്‌ വ്യക്തമായി ഉള്ളിൽ തെളിഞ്ഞു. പിന്നീടെന്നോ ഗുരുദേവൻ മാടന്റെയും മറുതയുടെയും ബിംബങ്ങൾ തട്ടിയുടച്ച് പകരം സനാതന മൂല്യങ്ങളുടെ പ്രതീകമായി ശിവനെയും ശക്തിയെയും പ്രതിഷ്ഠിച്ച കഥ കേട്ടപ്പോൾ എന്റെ കഥയുമായി അതിനുള്ള സമാനത അതിശയിപ്പിച്ചു.

സാമൂഹ്യചലനങ്ങളുടെ സൂക്ഷ്മഭാവത്തെ തിരിച്ചറിയനുള്ള കഴിവ്‌, സമൂഹമനസ്സിന്റെയും വ്യക്തിമനസ്സിന്റെയും അടിത്തട്ട്‌ സ്ഫടികതുല്യം തെളിഞ്ഞു കാണാൻ കഴിയുന്ന ഒരു കവി ഹൃദയം. അങ്ങനെ ഒരു കവി ഹൃദയത്തിനു മാത്രമേ “ഗുരുദേവാ ഗുരുദേവാ”, “മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചൂ” എന്നുള്ള വരികൾ എഴുതാനകൂ എന്നു ഞാൻ വിശ്വസിക്കുന്നു. വയലാറിനെപോലെ ഒരു പ്രതിഭ ഇനിയുണ്ടാവുമോ എന്ന ചോദ്യം തികച്ചും അപ്രസക്തം. കാരണം വയലാർ ഉയർത്തിയ പ്രതിധ്വനികൾ ഇനിയും നിലച്ചിട്ടില്ല. വരും തലമുറകൾക്ക്‌ അതു ധാരാളം.

1 comment: