31 March 2011

കുട്ടി സ്രാങ്ക്‌

ആഴമേറിയ തിരകഥ, സൂക്ഷമായ കലാസംവിധാനം, അതിശയിപ്പിക്കുന്ന ശബ്ദസന്നിവേശം, അവയെ കോർത്തിണക്കുന്ന മനോഹരമായ ഛായാഗ്രഹണം - ഇവ കൊണ്ടു സൃഷ്ടിക്കപ്പെട്ട ഒരു മാസ്റ്റർ പീസ്. മലയാള സിനിമയിൽ വേറിട്ട്‌ നില്ക്കുന്ന ഒരു ദൃശ്യാനുഭവമാകുന്നു ഷാജി എൻ കരുണിന്റെ കുട്ടി സ്രാങ്ക്‌...... ...

അതിനാൽ തികച്ചും വ്യത്യസ്തമായ വീക്ഷണ കോണിലൂടെ വേണം ഈ സിനിമയെ സമീപിക്കേണ്ടത്‌. നേർ രേഖയിലൂടെ പോകുന്ന സാധാരണ കഥനരീതിയിൽ നിന്നും വേറിട്ട്‌ റിയലിസവും ഫാന്റസിയും കൂട്ടികലർത്തിയ കഥാഖ്യാന രീതി (മാജിക്കൽ റിയലിസം) ഷാജി ഇതിൽ കഥ പറയാൻ ഉപയോഗിച്ചിരിക്കുന്നു. കാലഘട്ടം പ്രസക്തവും ദേശകാലങ്ങൾ അപ്രസക്തവുമായി തീരുന്ന കഥാഖ്യാനരീതിയിൽ ചില കഥാപാത്രങ്ങൾ കാലദേശങ്ങൾ കടന്ന്‌ സഞ്ചരിക്കുന്നതായി അനുഭവപ്പെടാം. അത്‌ മനപൂർവ്വമാണെന്നറിയുക. കാരണം ഈ കഥയിലെ കഥപാത്രങ്ങളൊന്നും തന്നെ ദേശകാല ബന്ധിതരായ വ്യക്തികളല്ല. മറിച്ച്‌ അവർ വ്യവസ്ഥിതികളുടെ, മൂല്യങ്ങളുടെ, വ്യക്തിത്വങ്ങളുടെ പ്രതീകങ്ങളാണ്‌.; പ്രതീകങ്ങൾക്ക്‌ ഈ ചിത്രത്തിൽ ഗാഢമായ അർത്ഥതലങ്ങൾ ഉണ്ട്‌.; പ്രതീകങ്ങളാണ്‌ കഥാഘടനയുടെ ആത്മാവ്‌.; ഇതിലെ കഥാപാത്രങ്ങളും സംഭവങ്ങളും പലപ്പോഴും പ്രതീകങ്ങളുടെ ബാഹ്യരൂപങ്ങൾ മാത്രമാണ്‌.; ഉപരിപ്ലവമായ അവയുടെ ബാഹ്യരൂപങ്ങൾ കടന്ന്‌ അവയിലൊളിപ്പിച്ചു വച്ചിരിക്കുന്ന പ്രതീകങ്ങളെ തിരിച്ചറിയുമ്പോഴെ ഈ ചലചിത്രത്തിന്റെ ആസ്വാദനം പൂർണ്ണമാവുന്നുള്ളു. ഇവിടെ കാണികൾ അവരുടെ പോയിമറഞ്ഞ-വർത്തമാന കാലഘട്ടങ്ങളിലെ സാമൂഹ്യവ്യതിയാനങ്ങളുടെ ചരിത്രം കുറച്ചെങ്കിലും അറിഞ്ഞിരിക്കണം എന്നത്‌ ഒരു prerequisite ആയി സംവിധായകൻ പ്രതീക്ഷിക്കുന്നു. വെറും സാധാരണ നിലയിലുള്ള വിനോദമാണ്‌ ലക്ഷ്യമെങ്കിൽ ഈ ചിത്രം കാണുന്നതിൽ വല്യ അർത്ഥമില്ല. അതിനർത്ഥം വിനോദത്തിനുള്ള വക ഇല്ലെന്നല്ല. പ്രേക്ഷകൻ തന്റെ ആസ്വാദന നിലവാരം ഉയർത്തുവാൻ സന്നദ്ധമാകണം എന്ന്‌ മാത്രം.

താൻ ഉദ്ദേശിച്ച അർത്ഥങ്ങൾക്കുമപ്പുറം കാണികൾക്കും തങ്ങളുടേതായ അർത്ഥവും വ്യാഖ്യാനവും കൊടുക്കാൻ ഇടം കൊടുത്തിരിക്കുന്നു സംവിധായകൻ. ഒരു puzzle-ലെ കുരിക്കഴിക്കും പോലെ രസകരമാണ്‌ സിനിമ കണ്ടു കഴിഞ്ഞ്‌ അതിനെ പറ്റി വിശകലനം ചെയ്യുമ്പോൾ. വീണ്ടും വീണ്ടും ഈ ചിത്രം കാണാൻ അതു നമ്മെ നിർബന്ധിക്കും. 

പിൻകുറിപ്പ്‌: സിനിമ മൂന്നു ഭാഗമായി തിരിച്ചിരിക്കുന്നു. ആദ്യ ഭാഗം കുറച്ച്‌ ഇഴഞ്ഞു നീങ്ങുന്നതായി അനുഭവപ്പെടാം. കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരുടെ അഭിനയത്തിന്‌ മികവു പോരാ എന്നും തോന്നാം (അത്‌ ശരിയല്ല). ക്ഷമയോടെ കാണുക. രണ്ടാം ഭാഗം മുതൽ സിനിമ തീരും വരെ സമയം പോകുന്നതറിയില്ല. കാണുമ്പോൾ ഓരോ സീനും, ഒരോ സംഭാഷണവും, നടക്കുന്ന ഒരോ സംഭവവും ശ്രദ്ധയോടെ മനസ്സിൽ കുറിച്ചിടുക. കാരണം നേരത്തെ സൂചിപ്പിച്ചതു പോലെ ഇതിന്റെ തിരകഥ, കലാസംവിധാനം അത്ര സൂക്ഷമമാണ്‌. സിനിമ കഴിയുമ്പോൽ അവയെ മനസ്സിലിട്ട് ഒന്ന്‌ വിശകലനം ചെയ്തു നോക്കുക. സിനിമ കവിത പോലെ മനോഹരം എന്നു നിങ്ങൾ പറയും. ഇനി അഥവാ ഒന്നും മനസ്സിലായില്ലെങ്കിൽ തന്നെ ചിത്രത്തിലെ ദൃശ്യാനുഭവങ്ങൾ മനസ്സിൽ തങ്ങി നില്ക്കും. മായാതെ, കുറേനാൾ.

ചിത്രത്തെ പറ്റി കൂടുതൽ മനസ്സിലാക്കൻ .. ഷാജിയുമായിട്ടുള്ള interview  ഇവിടെ

No comments:

Post a Comment